വെള്ള കുരുമുളകിൽ പിടിമുറുക്കി യൂറോപ്യൻ രാജ്യങ്ങൾ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
കെ.ബി. ഉദയഭാനു
Monday, March 3, 2025 3:05 AM IST
യൂറോപ്യൻ രാജ്യങ്ങൾ വെള്ള കുരുമുളകിൽ പിടിമുറുക്കിയത് ആഗോള വിപണിയിൽ ഉത്പന്ന വില ഉയർത്തി, മലബാർ മുളക് വിലയിലും മുന്നേറ്റം.
കർഷകരുടെ മനസ് നിറയ്ക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറയുമ്പോഴും കൃഷി മന്ത്രി അറിഞ്ഞില്ല, കർഷകരുടെ മനസല്ല, കണ്ണാണ് നിറഞ്ഞതെന്ന്. ഏലം കർഷകർക്ക് അനുവദിച്ച വരൾച്ച സഹായധനം കർഷക കുടുംബങ്ങളെ കണ്ണീരിലാക്കി. രാജ്യാന്തര മാർക്കറ്റിൽ പാം ഓയിൽ വരവ് കുറയുന്നത് ഇതര ഭക്ഷ്യയെണ്ണകൾക്ക് നേട്ടമാകും, വെളിച്ചെണ്ണ വീണ്ടും ചൂടുപിടിക്കാം. സ്വർണ വിപണിയിൽ സാങ്കേതിക തിരുത്തൽ.
വെള്ള കുരുമുളകിനോട് പ്രിയം
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വെള്ള കുരുമുളകിന് പ്രീയമേറി. ഇറക്കുമതിക്കാർ ഉത്പന്നത്തിനായി പരക്കം പായുന്നത് കണ്ട് ഉത്പാദന രാജ്യങ്ങൾ നിരക്ക് നിത്യേനെ ഉയർത്തുന്നു. മുളക് ലഭ്യത ആഗോള തലത്തിൽ ചുരുങ്ങിയതാണ് വെള്ള കുരുമുളകിലേക്ക് ചുവടുമാറ്റാൻ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചത്. ബഹുരാഷ്ട്ര സുഗന്ധവ്യഞ്ജന സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ചരക്ക് കണ്ടെത്താൻ അവർ ക്ലേശിക്കുന്നു. പലരും വില ഉയർത്തി കുരുമുളക് സംഭരിക്കാൻ നടത്തിയ നീക്കം വിജയിക്കാഞ്ഞതാണ് വെള്ള കുരുമുളകിലേയ്ക്ക് ശ്രദ്ധതിരിക്കാൻ കാരണം.

വൈറ്റ് പെപ്പർ ഉത്പാദനത്തിൽ ബ്രസീലിന് നേരിട്ട തിരിച്ചടിയാണ് രാജ്യാന്തര വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കിയത്. അമേരിക്ക, ജർമനി, ബ്രിട്ടൻ സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഈസ്റ്ററിനുള്ള ചരക്ക് സംഭരണം ശക്തമാക്കുന്നതു കണ്ട് മലേഷ്യ വൈറ്റ് പെപ്പർ വില ടണ്ണിന് 12,000 ഡോളറായി ഉയർത്തി. ഇതുകണ്ട് ഇന്തോനേഷ്യ നിരക്ക് 10,100 ഡോളറാക്കി. വിയറ്റ്നാം നിരക്ക് 9900 ഡോളറിലേക്ക് കയറ്റി. രാജ്യാന്തര തലത്തിൽ വെള്ള കുരുമുളകിന് നേരിടുന്ന ദൗർലഭ്യം കണക്കിലെടുത്താൽ വില വീണ്ടും ഉയരാം. ഈ വിലക്കയറ്റം കറുത്ത മുളകിനും ഊർജം പകരും.
കറുത്തപൊന്നിനും പ്രതീക്ഷ
ഇതിനിടയിൽ കുംഭമേള ആഘോഷത്തിനിടയിൽ ഉത്തരേന്ത്യയിൽ കുരുമുളകിന് പതിവിലും ഇരട്ടി ഡിമാൻഡ് അനുഭവപ്പെട്ടു. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകൾ പലതും കുംഭമേള സമാപിച്ചതോടെ ശൂന്യമായെന്നാണ് ലഭ്യമാവുന്ന സൂചന. കുംഭമേള ഇത്രമാത്രം ആവേശം ഉളവാക്കുമെന്ന് വ്യാപാരരംഗം നേരത്തേ പ്രതീക്ഷിച്ചതുമില്ല. വൻകിടക്കാരുടെ കുരുമുളകു ശേഖരം കുറഞ്ഞതിനാൽ പുതിയ വാങ്ങലുകൾക്ക് അവർ രംഗത്തെത്തും. വാരമധ്യംവരെ കൊച്ചിയിൽ സ്റ്റെഡിയായി നീങ്ങിയ കുരുമുളക് വില രണ്ടാം പാദത്തിൽ ക്വിന്റലിന് 500 രൂപ വർധിച്ച് 65,700 രൂപയായി.
ഏലംകർഷകർക്ക് കണ്ണീർ
ഏലംകർഷകരെ നിങ്ങൾ ക്ഷമിക്കു, കൃഷി വകുപ്പിന്റെ ചുക്കാൻ നിയന്ത്രിക്കുന്നവർ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ്, ആരെല്ലാമോ അവരുടെ കണ്ണുകൾ കെട്ടിയടച്ചു. എന്നാൽ, സംസ്ഥാന സർക്കാർ അങ്ങനെയല്ല, കർഷകന്റെ മനസ് നിറയ്ക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ഊന്നി ഊന്നി പറയുന്നു.
നിർഭാഗ്യവശാൽ നിറഞ്ഞത് മനസല്ല, കണ്ണാണ്. ഏലം കർഷകർ അവരുടെ സങ്കടം ഇനി ആരെ ബാധ്യപ്പെടുത്തും? കഴിഞ്ഞ സീസണിൽ കനത്ത വേനലിൽ ഏലം മേഖലയിൽ 113 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചത് കൃഷി മന്ത്രി അടക്കമുള്ളവർ നേരിട്ടുവന്ന് ബോധ്യപ്പെട്ടതാണ്. 22,300 കർഷകരുടെ കൃഷിഭൂമിയിൽ ശരങ്ങൾ കരിഞ്ഞ് ഉണങ്ങിയത് അധികാരവർഗം കണ്ട് ആസ്വദിച്ചതായി വേണം കരുതാൻ. അല്ലായിരുന്നെങ്കിൽ പിച്ചക്കാശ് കണക്കെ പത്തു കോടി വച്ച് നീട്ടുമായിരുന്നോ?
വീണ്ടും ഒരു വരൾച്ചയുടെ തുടക്കത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്. കാർഷിക മേഖലയ്ക്ക് ആവശ്യമായ ജലസേചന മാർഗങ്ങൾ ഒരുക്കാൻ കൃഷി വകുപ്പോ, സംസ്ഥാന സർക്കാരോ തയാറാവില്ല, മുൻകാല അനുഭവങ്ങളും അങ്ങനെയാണല്ലോ. വൻകിട കർഷകർ ടാങ്കർ ലോറി വഴി തോട്ടങ്ങളിൽ നന തുടങ്ങി, എന്നാൽ ചെറുകിട കർഷകരെ ഈ പ്രതിസന്ധി ഘട്ടത്തിൽപ്പോലും തിരിഞ്ഞു നോക്കാൻ കൃഷിവകുപ്പിനു താത്പര്യമില്ല.
വർഷാരംഭം മുതൽ കിലോ 3000 രൂപയ്ക്ക് മുകളിൽ നീങ്ങിയ ശരാശരി ഇനം ഏലക്ക 2600ലേക്ക് ഇടിഞ്ഞത് ഉത്പാദകർക്ക് കനത്ത പ്രഹരമായി. ആഭ്യന്തര വിദേശ വിപണികളിൽനിന്ന് ഏലത്തിന് ആവശ്യക്കാരുണ്ടായിട്ടും ഉയർന്ന വില നിലനിർത്താൻ സുഗന്ധറാണി ക്ലേശിക്കുന്നു.
എണ്ണ വില ഉയർന്നേക്കും
നോയമ്പ് കാലത്തിനു തുടക്കം കുറിച്ചതോടെ എണ്ണപ്പന കൃഷിയിടങ്ങളിൽനിന്നു മുഖ്യ ഉത്പാദന രാജ്യങ്ങളിലെ കർഷകർ പിൻവലിഞ്ഞു. പാം ഓയിൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ഇന്തോനേഷ്യയും മലേഷ്യയും ഇനി പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം മാത്രമേ പനംകുര വിളവെടുപ്പിലേക്ക് ശ്രദ്ധതിരിക്കൂ.
നോയമ്പ് വേളയിൽ ഉത്പാദനം ചുരുങ്ങുന്നത് കണക്കിലെടുത്താൽ രാജ്യാന്തര മാർക്കറ്റിലേക്കുള്ള പാം ഓയിൽ പ്രാവാഹവും ചുരുങ്ങുമെന്നത് വിലക്കയറ്റത്തിന് അവസരമൊരുക്കും. പുതിയ സാഹചര്യത്തിൽ സോയാ, സൂര്യകാന്തി എണ്ണ വിലകളിൽ ഉണർവ് ഉണ്ടായാൽ അത് വെളിച്ചെണ്ണ വിപണിയും ചൂടു പിടിക്കാൻ അവസരമൊരുക്കും.
റബർ ഉത്പാദനം ചുരുങ്ങും
സംസ്ഥാനത്ത് ചൂട് കനത്തതോടെ ടാപ്പിംഗിൽനിന്നും കൂടുതൽ ഉത്പാദകരും പിൻവലിഞ്ഞു. വേനൽച്ചൂടിൽ മരങ്ങളിൽനിന്നു പാൽലഭ്യത കുറഞ്ഞത് നഷ്ടക്കച്ചവടമായി. ചെറുകിട കർഷകർ റബർ വെട്ടുന്നുണ്ടെങ്കിലും യീൽഡ് നന്നേ ചുരുങ്ങി. റബർ മേഖല ഓഫ് സീസണിലേക്കു തിരിയുന്ന ഘട്ടത്തിലും ടയർ വ്യവസായികൾ നിരക്ക് ഇടിച്ചു. നാലാം ഗ്രേഡ് റബർ 19,200ൽനിന്നും 19,100ലേക്കു താഴ്ന്നു.
സ്വർണത്തിന് റിക്കാർഡ്
ആഭരണ വിപണികളിൽ പവന് പുതിയ റിക്കാർഡ്. പവന്റെ വില 64,600 രൂപ വരെ കയറി റിക്കാർഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 63,440 രൂപയായി ഇടിഞ്ഞു. ഇതിനിടയിൽ വില നിശ്ചയിക്കുന്നതിൽ വൻകിട സ്വർണ വ്യാപാരികൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതുമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച്ച പവന് വ്യത്യസ്ത നിരക്കുകൾ രേഖപ്പെടുത്തി.