റബര്‍ കയറ്റുമതി നിലയ്ക്കുന്നു; വില കൂട്ടാതെ വ്യവസായികള്‍
Tuesday, February 25, 2025 10:38 PM IST
റെജി ജോസഫ്
കോട്ടയം: ഇന്ത്യയുടെ റബര്‍ കയറ്റുമതി ഏറെക്കുറെ നിലയ്ക്കുന്നു. ആഭ്യന്തര ഉപയോഗം വര്‍ധിക്കുന്ന തോതില്‍ വില ഉയരുന്നുമില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 4199 ടണ്‍ മാത്രമാണ്.
അതേസമയം ഇറക്കുമതിയാകട്ടെ 4.92 ലക്ഷം ടണ്ണിലെത്തി. 2024-25 ഒക്ടോബര്‍ വരെ കയറ്റി അയച്ചത് 1988 ടണ്‍. ഇതേ കാലത്ത് ഇറക്കുമതി 3.81 ലക്ഷം ടണ്‍. 2019-20ല്‍ 12,872 ടണ്ണും 2020-21 ല്‍ 11,343 ടണ്ണും 2021-22ല്‍ 3560 ടണ്ണുമായിരുന്നു റബര്‍ കയറ്റുമതി. അതേസമയം, ഇറക്കുമതിയിലും ഉപയോഗത്തിലും വലിയ വര്ധയുണ്ടാവുകയും ചെയ്തു. ഇതേകാലത്ത് ശരാശരി റബര്‍ വില കിലോയക്ക് 145 രൂപ മാത്രമായിരുന്നു. 200 രൂപയ്ക്ക് മുകളില്‍ വില നിന്നത് നാലു തവണ മാത്രം.
25 ശതമാനം തീരുവ അടച്ചുള്ള ഇറക്കുമതി അഞ്ചു ലക്ഷം ടണ്ണിനോട് അടുത്തുണ്ട്. തീരുവ രഹിത ഇറക്കുമതിയുടെ കണക്ക് റബര്‍ ബോര്‍ഡും വ്യവസായികളും പുറത്തുവിട്ടിട്ടില്ല. കൂടാതെ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അഞ്ചു ശതമാനം മാത്രം തീരുവ അടച്ച് മൂന്നു ലക്ഷം ടണ്‍ കോമ്പൗണ്ട് റബറും എത്തിച്ചിട്ടുണ്ട്. കോമ്പൗണ്ട് റബര്‍ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനമായിരുന്നു വര്‍ധന. ലാറ്റക്സിന് 70 ശതമാനം തീരുവയുള്ളതിനാല് ഇറക്കുമതി കുറവാണ്. ലാറ്റക്സ് വിലയില്‍ വലിയ തകര്ച്ചയുണ്ടാകാത്തതും ഇതുകൊണ്ടാണ്.
ഇറക്കുമതി അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ഇക്കൊല്ലവും കയറ്റുമതിക്ക് സാധ്യതയില്ല. പുതിയ സാമ്പത്തിക വര്‍ഷം ഉത്പാദനം 8.57 ലക്ഷം ടണ്ണും ഉപയോഗം 14.86 ലക്ഷം ടണ്ണുമായിരിക്കും. അതായത് ഇക്കൊല്ലവും എട്ടു ലക്ഷം ടണ്ണോളം ഇറക്കുമതിയുണ്ടാകും. ഇത്രയുംതന്നെ കണക്കില്‍ പെടുത്തിയും പെടുത്താതെയും കൃത്രിമ റബർ ഇറക്കുമതിയുമുണ്ടാകും.
റബര്‍ വ്യവസായത്തില്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. റബറിന് ഇത്രയേറെ ക്ഷാമമുണ്ടായിട്ടും വില ഉയര്‍ത്താന്‍ വ്യവസായികള്‍ താത്പര്യപ്പെടുന്നില്ല.
കഴിഞ്ഞ ഓഗസ്റ്റില്‍ വില 247 രൂപയിലേക്ക് ഉയര്‍ന്നതോടെയാണ് അവസാനമാസങ്ങളില്‍ ഉത്പാദനത്തില്‍ വര്‍ധനവുണ്ടായത്. ഇക്കൊല്ലം വില ഉയരുന്നില്ലെങ്കില്‍ ടാപ്പിംഗില്‍ ഗണ്യമായ കുറവുണ്ടാകും. വിലയിടിവും തൊഴിലാളിക്ഷാമവും കാരണം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ 20 ശതമാനം തോട്ടങ്ങളും ടാപ്പ് ചെയ്യുന്നില്ല.
രണ്ടു സംസ്ഥാനങ്ങളിലും 40 ശതമാനം തോട്ടങ്ങളിലും ആറു മാസം മാത്രമാണ് ടാപ്പിംഗ്. ഇതുകൊണ്ടുമാത്രം രണ്ടു ലക്ഷം ടണ്ണിന്റെ ഉത്പാദനക്കുറവാണ് ഓരോ വര്‍ഷവുമുണ്ടാകുന്നത്.