മാധവി ബുച്ചിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി
Monday, March 3, 2025 3:05 AM IST
മുംബൈ: ഓഹരി വിപണിയിലെ തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്സണ് മാധവി പുരി ബുച്ചിനും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ബിഎസ്ഇ) അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.
പ്രത്യേക ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കോടതിയാണ് മുംബൈ പൊലീസിന് നിർദേശം നൽകിയത്.സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കന്പനി ലിസ്റ്റ് ചെയ്തതിൽ വൻതോതിലുള്ള സാന്പത്തിക തട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് താനെ ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിൽ പ്രത്യേക ജഡ്ജി എസ്.ഇ. ബംഗാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സെബി ഉദ്യോഗസ്ഥർ നിയമപരമായ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്നും വിപണിയിൽ കൃത്രിമത്വം കാണിച്ചെന്നും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. നിയന്ത്രണ വീഴ്ചകൾക്കും ഒത്തു കളിക്കും പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കേസിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.