കേരള ബാങ്ക് ബി ഗ്രേഡിലേക്ക് ; ഉയർത്തിയത് നബാർഡ്
Thursday, February 27, 2025 11:36 PM IST
തിരുവനന്തപുരം: കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് ഉയർത്തി. നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിംഗിൽ കേരള ബാങ്കിനെ സി ഗ്രേഡിൽനിന്നും ബി ഗ്രേഡിലേക്ക് ഉയർത്തിയതായി സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2024-25 സാന്പത്തികവർഷം 18,000 കോടി രൂപയിലധികം വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 2000 കോടി രൂപ അധികമാണിത്. ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ജനുവരിയിൽ വായ്പാ ബാക്കിനിൽപ്പിൽ ബാങ്ക് 50,000 കോടി രൂപ പിന്നിട്ടു.
മാർച്ച് അവസാനിക്കുന്പോഴേക്കും ഇത് 52,000 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സാന്പത്തികനില ഭദ്രമായിട്ടുണ്ടെന്നും ന്യൂനതകൾ പരിഹരിച്ചു മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 36 കർഷക ഉത്പാദക സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. 2025-26 സാന്പത്തികവർഷം ഇത് 200 കർഷക ഉത്പാദക സംഘങ്ങളായി ഉയർത്തും.
കേരള ബാങ്കിന്റെ മൊത്തം വായ്പയിൽ 25 ശതമാനം വായ്പയും കാർഷിക മേഖലയിലാണ് നൽകുന്നത്. 2025-26 സാന്പത്തികവർഷം ഇത് 33 ശതമാനമായി ഉയർത്തും. നെൽ കർഷകർക്ക് നെല്ലളക്കുന്ന ദിവസംതന്നെ പണം നൽകുന്ന രീതിയിൽ പിആർഎസ് വായ്പ സന്പൂർണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.