ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കായി കേന്ദ്രം പേടിഎമ്മുമായി ധാരണാപത്രം ഒപ്പുവച്ചു
Wednesday, February 26, 2025 10:39 PM IST
ന്യൂഡൽഹി: മൊബൈൽ ബാങ്കിംഗ്, ഡിജിറ്റൽ പേമെന്റ് തുടങ്ങിയ സാന്പത്തിക സാങ്കേതിക സംവിധാനങ്ങളുടെ (ഫിൻടെക്) സ്റ്റാർട്ടപ്പുകൾക്കായി പ്രമുഖ ഡിജിറ്റൽ പേമെന്റ് കന്പനിയായ പേടിഎമ്മുമായി കൈകോർത്തു കേന്ദ്രം.
പേടിഎമ്മിന്റെ മാതൃകന്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമായി കേന്ദ്ര ആഭ്യന്തര വ്യാപാര, വ്യവസായ പ്രോത്സാഹന വകുപ്പ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. രാജ്യത്ത് ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയും നവീകരണവും ലക്ഷ്യമിട്ടുകൊണ്ടാണ് സംരംഭമെന്ന് കേന്ദ്രം അറിയിച്ചു.
സഹകരണത്തിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് മാർഗദർശനവും അടിസ്ഥാനസൗകര്യ പിന്തുണയും വിപണിയെക്കുറിച്ചുള്ള വിവരങ്ങളും ഫണ്ടിംഗിനുള്ള അവസരങ്ങളും പേടിഎം വാഗ്ദാനം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഫിൻടെക് മേഖലയിൽ രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാൻ പേടിഎമ്മുമായുള്ള സഹകരണം സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.