ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം നിർത്തി, 3200 പേർക്ക് ജോലി നഷ്ടപ്പെട്ടു
Friday, February 28, 2025 11:30 PM IST
ബംഗളൂരു: സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സും അനിമേഷൻ ഗ്രാഫിക്സും നിർമിച്ചുനൽകുന്ന പാരീസ് ആസ്ഥാനമായുള്ള ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു.
കന്പനിയുടെ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ മലയാളികൾ ഉൾപ്പെടെ 3,200ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
അനിമേറ്റേഴ്സ്, ലൈറ്റിംഗ് ആർട്ടിസ്റ്റുകൾ, സ്പെഷൽ ഇഫക്ട്സ് വിദഗ്ധർ, ഗ്രാഫിക് ആർട്ടിസ്റ്റുകൾ, അറ്റ്മോസ്ഫിയർ ആൻഡ് വോള്യം മെട്രിക് വിദഗ്ധർ, ഇമേജ് റെൻഡറിംഗ് വിദഗ്ധർ തുടങ്ങിയവർക്കാണു ജോലി നഷ്ടപ്പെട്ടത്.
ശമ്പളം മുടങ്ങിയതും ജോലി പോയതും ജീവനക്കാരെ ഏറെ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഫെബ്രുവരി മാസത്തിലെ ശമ്പളം പോലും നൽകാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ആരോപണമുണ്ട്.
ടെക്നികളർ ഗ്രൂപ്പ് സാമ്പത്തികമായി വലിയ തകർച്ചയുടെ വക്കിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്പനി വിൽക്കാൻ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തയാറായില്ല.
കമ്പനിയുടെ ഓൺലൈൻ യോഗത്തിൽ സാമ്പത്തിക പ്രതിസന്ധി സമ്മതിച്ച ഇന്ത്യൻ മേധാവി ബിരേൻ ഘോഷ്, ടെക്നികളറിന്റെ ഇന്ത്യൻ ഡിവിഷൻ ആഗോള ഡെലിവറി കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും കമ്പനി ആസ്ഥാനത്തുനിന്ന് ഫണ്ട് ലഭിച്ചില്ലെങ്കിൽ ശമ്പളമോ മറ്റു കുടിശികകളോ നൽകാൻ കഴിയില്ലെന്നും ജീവനക്കാരോട് പറഞ്ഞിരുന്നു.
ബംഗളൂരുവിൽ മാത്രം 3,000ത്തോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യക്കുപുറമെ ഫ്രാൻസ്, യുഎസ്, കാനഡ എന്നിവിടങ്ങളിലായി 10,000ത്തിലധികം പേർക്ക് കമ്പനി ജോലി നൽകുന്നുണ്ട്.
ടെക്നികളർ ക്രിയേറ്റീവ് സ്റ്റുഡിയോസും ഉപസ്ഥാപനങ്ങളായ എംപിസി, ദ മിൽ, മൈക്രോസ് അനിമേഷൻ എന്നിവയും അടച്ചുപൂട്ടുന്നതോടെ ഹോളിവുഡിലും ബോളിവുഡിലും ഗെയിമിംഗ് വ്യവസായത്തിലും ഉത്പാദനം വൈകും. ഇതോടെ ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും.
ഡ്രീംവർക്സ് പിക്ചേഴ്സ്, യൂണിവേഴ്സൽ പിക്ചേഴ്സ്, പാരാമൗണ്ട് പിക്ചേഴ്സ്, വാർണർ ബ്രദേഴ്സ് തുടങ്ങിയ നിരവധി ശ്രദ്ധേയമായ ഹോളിവുഡ് സ്റ്റുഡിയോകളുമായി ബന്ധപ്പെട്ട് ടെക്നികളർ പ്രവർത്തിച്ചിരുന്നു.