രക്തത്തിലെ പ്രോട്ടീൻ നിർണയം: ടെസ്റ്റിംഗ് കിറ്റ് സാങ്കേതികവിദ്യ അഗാപ്പെയ്ക്ക്
Monday, March 3, 2025 3:05 AM IST
കൊച്ചി: രക്തത്തിലെ പ്രോട്ടീൻ കണക്കാക്കുന്ന ടെസ്റ്റിംഗ് കിറ്റ് (ലാറ്റക്സ് റീജന്റ്) നിർമാണ സാങ്കേതികവിദ്യ ജപ്പാൻ ആസ്ഥാനമായ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ലബോറട്ടറീസ് കമ്പനി (എംബിഎൽ), അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറും. ഇതുസംബന്ധിച്ച ലൈസൻസ് കരാറിൽ അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോണും എംബിഎൽ സിഇഒ ഹിരോക്കി ഇറ്റോയും ഒപ്പുവച്ചു. ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയിൽ പുതിയ ചുവടുവയ്പാണിതെന്ന് തോമസ് ജോൺ പറഞ്ഞു.
ഇന്നുവരെ ലാറ്റക്സ് റീജന്റ് രംഗത്ത് പൂർണമായും ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. പുതിയ കരാറോടെ രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം സാധ്യമാക്കും. റീജന്റ് നിർമാണത്തിൽ ആഗോളനിലവാരം നിലനിർത്തി, തടസമില്ലാത്ത വിതരണശൃംഖല ഉറപ്പാക്കുന്നതാണ് ഈ സഹകരണം. രോഗനിർണയ കൃത്യത ഗണ്യമായി വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും പുതിയ കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.