ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നീക്കവുമായി ഇന്ത്യ
Thursday, February 27, 2025 11:33 PM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയായ പരസ്പര തീരുവയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ.
കാറുകൾ, രാസവസ്തുക്കൾ ഉൾപ്പെടെയുള്ള വിപുലമായ ശ്രേണിയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
വാഹനങ്ങൾ, ചില കാർഷിക ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, അടിയന്ത ആവശ്യത്തിനുള്ള മരുന്നുകൾ, ചില മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുടെ തീരുവ കുറയ്ക്കുന്നതിനെക്കുറിച്ചാണ് ന്യൂഡൽഹിയിലെ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീരുമാനങ്ങൾ അന്തിമമായിട്ടില്ല.
കഴിഞ്ഞ ആഴ്ച യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങൾക്കു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തീരുവ ഇളവുകളെക്കാൾ കൂടുതൽ നിർദേശങ്ങളാണ് പുതിയതായി ഉണ്ടായിരിക്കുന്നത്.
യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈ-എൻഡ് മോട്ടോർസൈക്കിളുകൾ, ബർബണ്‍ വിസ്കി എന്നിവയുടെ തീരുവ ഇന്ത്യ വെട്ടിച്ചുരുക്കി.
പുതിയ വിവരങ്ങൾ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.