ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 3, 2025 3:05 AM IST
ഓഹരി ഇൻഡക്സുകൾ തകർന്നടിഞ്ഞു, പുതിയ താരിഫ് തുടരുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിൽ ഏഷ്യ പസഫിക്ക് മേഖലയിലെ ഓഹരി ഇൻഡക്സുകളിൽ രക്തച്ചൊരിച്ചിലിന് ഇടയാക്കി. മുൻനിര, രണ്ടാംനിര ഓഹരികളിലെ ബാധ്യതകൾ വിറ്റുമാറാൻ പ്രാദേശിക നിക്ഷേപകരും വിദേശ ഫണ്ടുകളും കൂട്ടത്തോടെ രംഗത്തിറങ്ങിയത് ബോംബെ സെൻസെക്സിനെയും നിഫ്റ്റി സൂചികയെയും പിടിച്ചുലച്ചു.
വിപണിയിൽ ഒരു തകർച്ച സംഭവിച്ചാൽ സെൻസെക്സിന് 73,200 റേഞ്ചിൽ സപ്പോർട്ട് ലഭിക്കുമെന്ന് കഴിഞ്ഞ ലക്കം വ്യക്തമാക്കിയത് ശരിവച്ച് 73,141ൽ സൂചിക താങ്ങ് കണ്ടെത്തി വ്യാപാരാന്ത്യം 73,198ൽ ക്ലോസിംഗ് നടന്നു. സെൻസെക്സിന് 2113 പോയിന്റും നിഫ്റ്റി 636 പോയിന്റും പ്രതിവാര തകർച്ചയിലാണ്. ഒരാഴ്ച്ചയിൽ മൂന്ന് ശതമാനത്തിനടുത്താണ് സൂചിക ഇടിഞ്ഞത്. വിൽപ്പന സമ്മർദത്തിൽ വിപണി ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരം വാരാന്ത്യം ദർശിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ തകർച്ച കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത തെളിയുന്നു.
നിഫ്റ്റി സാങ്കേതികമായി ദുർബലാവസ്ഥയിലേക്കു നീങ്ങുകയാണെങ്കിലും വാരാന്ത്യത്തിലെ കനത്ത തകർച്ചയുടെ ആവർത്തനത്തിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചാൽ താഴ്ന്ന റേഞ്ചിൽ ശക്തമായ വാങ്ങൽ താത്പര്യം ഉടലെടുക്കാം. സൂചിക 22,795 പോയിന്റിൽനിന്ന് 22,812 വരെ ഉയർന്ന അവസരത്തിൽ തുടങ്ങിയ വിൽപ്പനതരംഗത്തിൽ നിഫ്റ്റി 22,104 വരെ ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ 22,124 പോയിന്റിലാണ്.
ഈവാരം ആദ്യ സപ്പോർട്ട് 21,881ലാണ്, ഇത് നിലനിർത്താനായില്ലെങ്കിൽ 21,638ലേക്കും തുടർന്ന് 20,930 ലേക്കും ഈ മാസം വിപണി തിരുത്തൽ കാഴ്ചവയ്ക്കാം. താഴ്ന്ന തലങ്ങളിൽനിന്നും ഒരു തിരിച്ചു വരവിനു ശ്രമം നടത്തിയാൽ 22,589 പോയിന്റിൽ ശക്തമായ പ്രതിരോധം നേരിടും. തകർച്ച കണ്ട് പ്രാദേശിക നിക്ഷേപകർ രംഗത്തുനിന്നും പിന്നാക്കം വലിഞ്ഞാൽ വരും മാസങ്ങളിൽ സൂചിക കൂടുതൽ ദുർബലമാകും. ഫെബ്രുവരി രണ്ടാം പകുതിയിൽ ഒരു വിഭാഗം ഓപ്പറേറ്റർമാർ ലോംഗ് പൊസിഷനുകളിൽ കുറവ് വരുത്തി ഷോർട്ട് സെല്ലിംഗിലേക്കു നീങ്ങിയ വിവരം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്.
വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ സെല്ലിംഗ് മൂഡിലാണ്, എംഎസിഡിയും എലിയട്ട് വേവ് ഓസിലേറ്ററും ദുർബലാവസ്ഥയിലേക്കു മുഖം തിരിച്ചു. അതേസമയം ശക്തമായ വിൽപ്പന മൂലം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ തുടങ്ങിയ ഓവർ സോൾഡാണ്.
നിഫ്റ്റി ഫ്യൂച്ചേഴ്സ് മാർച്ച് സീരീസ് വാരാന്ത്യം 22,434ലേക്ക് ഇടിഞ്ഞു. ഫ്യൂച്ചേഴ്സ് സെല്ലിംഗ് മൂഡിലായതിനാൽ 22,400 റേഞ്ചിനെ ഉറ്റുനോക്കാമെന്ന് കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവയ്ക്കുന്ന തകർച്ചയാണ് ഇടപാടുകാർ ദർശിച്ചത്. വിപണി വിൽപ്പനക്കാർക്ക് അനുകൂലമായി നീങ്ങുന്ന കാര്യം മുൻവാരത്തിലും വ്യക്തമാക്കിയതാണ്. തളർച്ചയ്ക്കിടയിൽ ഓപ്പൺ ഇന്ററസ്റ്റിൽ ഇടിവ് സംഭവിച്ചു. ഇതിന് മുഖ്യ കാരണം വ്യാഴാഴ്ച്ച അവസാനിച്ച ഫെബ്രുവരി സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി നടന്ന കവറിംഗായി വിലയിരുത്താം. അതേസമയം, പുതിയ സാഹചര്യത്തിൽ 21,800ലേക്കു തളരാൻ ഇടയുണ്ടെങ്കിലും ബുള്ളിഷ് മനോഭാവം വീണ്ടെടുക്കാൻ 23,000 തിരിച്ചു വരവ് കാഴ്ചവയ്ക്കേണ്ടിവരും.
സെൻസെക്സ് പിന്നിട്ടവാരത്തിലെ 75,311 പോയിന്റിൽനിന്നും 75,757 വരെ കയറാനായുള്ളു, ഇതിനിടയിൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കം മൂലം സൂചിക 73,141ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യ ക്ലോസിംഗിൽ 73,198 പോയിന്റിലാണ്. ഡെയ്ലി, വീക്കിലി ചാർട്ടുകൾ സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചതിനാൽ 72,640-72,082ലേക്ക് തിരുത്തലിന് നീക്കം നടക്കാം. അനുകൂല വാർത്തകൾ പുറത്തുവന്നാൽ 74,256ൽ പ്രതിരോധമുണ്ട്.
വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായി മൊത്തം 22,011.38 കോടി രൂപയുടെ ഓഹരി വിറ്റു. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ മൊത്തം 22,252.17 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, തുടർച്ചയായ 17 ദിവസമാണ് അവർ വാങ്ങലുകാരായി നിലകൊള്ളുന്നത്. കഴിഞ്ഞമാസം വിദേശ ഫണ്ടുകൾ 58,988.08 കോടി രൂപയുടെ ഓഹരികൾ കൈവിട്ടപ്പോൾ ആഭ്യന്തര ഫണ്ടുകൾ 64,853.19 കോടി രൂപയുടെ വാങ്ങൽ നടത്തി.
രൂപയുടെ മൂല്യം ആടി ഉലയുകയാണ്. രൂപ 86.81ൽനിന്നും 87.51ലേക്ക് ഇടിഞ്ഞു. തൊട്ട് മുൻവാരത്തിൽ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയ ഇന്ത്യൻ നാണയത്തിന് പക്ഷേ കൂടുതൽ കരുത്ത് കണ്ടത്താനായില്ല. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 88.50ലേക്കു പരീക്ഷണങ്ങൾക്ക് മുതിരാം.
രാജ്യാന്തര സ്വർണ വിപണി റിക്കാർഡ് പ്രകടനങ്ങൾക്ക് ശേഷം സാങ്കേതിക തിരുത്തലിലേക്ക്. ട്രോയ് ഔൺസിന് 2954 ഡോളറിൽനിന്നുള്ള ലാഭമെടുപ്പിൽ 2900ലേക്കു താഴ്ന്നങ്കിലും തിരിച്ചുവരവിൽ അധികം തിളങ്ങാനാകാതെ 2831 ഡോളറിലേക്ക് ഇടിഞ്ഞു, മാർക്കറ്റ് ക്ലോസിംഗിൽ 2857 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 2824-2801 ഡോളറിലെ സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ സ്വർണം 2688 ഡോളറിനെ ഉറ്റുനോക്കാം.