മാരുതി, എം ആൻഡ് എം, ടൊയോട്ട വിൽപ്പന വർധനവ്
Saturday, March 1, 2025 10:54 PM IST
മുംബൈ: ഫെബ്രുവരിയിൽ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൊയോട്ട വാഹനങ്ങളുടെ വല്പന ഉയർന്നു. എന്നാൽ ഹ്യുണ്ടായിയുടെ വില്പനയിൽ കുറവുണ്ടായി.
ആഭ്യന്തരമൊത്ത വ്യാപാരത്തിൽ (ഡീലർമാർക്ക് അയയ്ക്കൽ) മാരുതി സുസുക്കിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയെക്കാൾ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,60,791 കാറുകളാണ് വിറ്റത്. കഴിഞ്ഞ വർഷമത് 1,60,271 യൂണിറ്റുകളായിരുന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഭ്യന്തരമൊത്ത വ്യാപാരത്തിൽ 2024 ഫെബ്രുവരിയെക്കാൾ 19 ശതമാനം വർധനവുമായി എസ്യുവിയുടെ 50,420 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 42,401 യൂണിറ്റുകളാണ് വിറ്റത്. ആകെ 15 ശതമാനം വർധനവിൽ 83,702 യൂണിറ്റുകളാണ് എം ആൻഡ് എം വിറ്റത്.
ടൊയോട്ട കിർലോസ്കർ മോട്ടർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധനവിൽ 26,414 യൂണിറ്റുകളാണ് ആഭ്യന്തര വില്പന നടത്തിയത്. 2024 ഫെബ്രുവരിയിൽ 23,293 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്. മൾട്ടിപർപ്പസ് വെഹിക്കിൾ (എംപിവി), എസ് യുവി എന്നിങ്ങനെയായി വിൽപ്പന ആകെ 68 ശതമാനം വർധിച്ചു.
ഹ്യുണ്ടായി മോർട്ടർ ഇന്ത്യയുടെ വില്പന കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുന്പോൾ അഞ്ചു ശതമാനം ഇടിഞ്ഞു. 2024ൽ 50,201 യൂണിറ്റുകൾ വിറ്റപ്പോൾ ഈ ഫെബ്രുവരിയിൽ 47,727 യൂണിറ്റുകളാണ് വിൽക്കാനായത്.