ബംപർ കുതിപ്പിൽ സമ്മർ ബംപർ ലോട്ടറി
Thursday, February 27, 2025 11:33 PM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമ്മർ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന് മികച്ച പ്രതികരണം.
10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബംപർ ആദ്യഘട്ടത്തിൽ 24 ലക്ഷം ടിക്കറ്റുകളാണു വില്പനയ്ക്ക് എത്തിച്ചത്. ഇതിൽ ഏകദേശം 19 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയി.
250 രൂപ ടിക്കറ്റ് വിലയുള്ള സമ്മർ ബംപർ ഇതിനോടകം ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിലാണ് - 4,46,640 ടിക്കറ്റുകൾ. 2,09,020 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ല രണ്ടാമതും 1,96,660 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല മൂന്നാമതും എത്തി.
രണ്ടാം സമ്മാനം എല്ലാ പരന്പരകളിലുമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനം ഓരോ പരന്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിനു ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനം എന്നിങ്ങനെ ആകർഷകമായ സമ്മാനഘടനയാണ് ഇത്തവണത്തെ സമ്മർ ബംപറിനും ഏർപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ 5,000ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുള്ള സമ്മർ ബംപർ ഭാഗ്യക്കുറി ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞു രണ്ടിനു നറുക്കെടുക്കും.