ട്രംപിന്റെ ഭീഷണി: ഇന്ത്യൻ വിപണി വീണു
Friday, February 28, 2025 11:30 PM IST
മുംബൈ: ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഫെബ്രുവരിയിലെ അവസാന വ്യാപാരദിനം അവസാനിച്ചത് ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും രണ്ടു ശതമാനത്തിനടുത്ത തകർച്ചയെ നേരിട്ടത്. സെൻസെക്സ് 1414 പോയിന്റ് (1.9%) നഷ്ടത്തിൽ 73,198ലും നിഫ്റ്റി 420 പോയിന്റ് (1.86%) ഇടിഞ്ഞ് 22,124 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണിമൂല്യം 8.9 ലക്ഷം കോടി കുറഞ്ഞ് 384.22 ലക്ഷം കോടിയിലെത്തി. പ്രമുഖ യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് അമേരിക്കൻ ഓഹരിയിലുണ്ടായ ഇടിവ് ഇന്ത്യയിലും ബാധിച്ചു.
നിഫ്റ്റി ഐടി സൂചിക 6.5 ശതമാനം നഷ്ടമാണ് നേരിട്ടത്. ടെക് മഹീന്ദ്ര, വിപ്രോ, എംഫാസിസ് എന്നിവയുടെ ഓഹരികളിൽ വലിയ നഷ്ടമുണ്ടായി. നിഫ്റ്റി ഓട്ടോ സൂചിക 3.92 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.
എല്ലാ സെക്ടറുകളും ഇന്ന് ചുവപ്പിലാണ് ക്ലോസ് ചെയ്തത്. ഓയിൽ ആൻഡ് ഗ്യാസ്, കണ്സ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത്കെയർ മേഖലകൾക്കൊക്കെ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയത്തെക്കുറിച്ചു തുടരുന്ന ആശങ്കൾ, ഇന്ത്യയുടെ സാന്പത്തിക വളർച്ച മന്ദഗതിയിലാകുക, വരുമാനം കുറയുക, വിദേശ നിക്ഷേപകരുടെ നിരന്തരമായ വില്പന എന്നിവ വിപണിയെ ബാധിച്ചു.
മെക്സിക്കോ, കാനഡ എന്നിവടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുന്ന നടപടി മാർച്ച് നാലു മുതൽ നടപ്പിലാകുമെന്ന ട്രംപിന്റെ പ്രഖ്യാപനം, ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ അധികമായി പത്തുശതമാനവും യൂറോപ്യൻ യൂണിയനുകളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തും എന്നീ ട്രംപിന്റെ പ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.