മുന്നേറാതെ കുരുമുളക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, October 21, 2024 12:26 AM IST
കൊച്ചി: ചൈനീസ് മാന്ദ്യം കുരുമുളകിന്റെ മുന്നേറ്റത്തിന് തടസമായി, പുതുവത്സര ആവശ്യങ്ങൾക്ക് അമേരിക്കൻ ബയർമാർ വില ഉയർത്താതെ ചരക്ക് സംഭരിക്കാമെന്ന പ്രതീക്ഷയിൽ. പുതിയ ഏലക്ക ലഭ്യത പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് കാർഷിക മേഖല. ദീപങ്ങളുടെ ഉത്സവത്തെ വെളിച്ചെണ്ണ ഉറ്റ്നോക്കുന്നു. സ്വർണത്തിന് റിക്കാർഡ് തിളക്കം.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണിയിൽ ചൈനീസ് സാന്നിധ്യം കുറഞ്ഞത് കുരുമുളകിനു തിരിച്ചടിയായി. വിപണിയിലെ വൻ ശക്തിയായ ബെയ്ജിംഗ് ഏറ്റവും കൂടുതൽ കുരുമുളക് വാങ്ങുന്നത് വിയറ്റ്നാമിൽ നിന്നാണ്. എന്നാൽ, ഇക്കുറി സ്ഥിതിഗതികൾ പാടെ മാറിമറിഞ്ഞു, ആദ്യ ഒൻപത് മാസങ്ങളിൽ ചൈനയിലേക്കുള്ള മുളക് കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 85 ശതമാനം കുറഞ്ഞു. ആഗോള ഉത്പാദനത്തിലെ കുറവ് വിലത്തകർച്ചയെ തടയാൻ ഉപകരിച്ചു. അല്ലാത്തപക്ഷം വിയറ്റ്നാം മുളക് വില 7000 ഡോളറിൽനിന്നും 6000ലേക്ക് ഇടിയുമായിരുന്നു.
ലൂണാർ പുതുവത്സരങ്ങൾക്കുള്ള മുളക് സംഭരണവേളയെങ്കിലും ചൈന രാജ്യാന്തര തലത്തിൽ സജീവമല്ലെന്നു സിംഗപ്പുരിലെ റീ സെല്ലർമാർ. 20,000 മുതൽ 25,000 ടൺ വരെ ചരക്ക് സംഭരിക്കാനുള്ള സാധ്യതകൾക്ക് ഇതോടെ മങ്ങ ലേറ്റതാണ് അവരുടെ വിലയിരുത്തൽ. ചൈനീസ് ഓർഡറുകളുടെ അഭാവം കണക്കിലെടുത്താൽ ക്രിസ്മസ്‐ന്യൂ ഇയറിന് വില ഉയർത്താതെ സംഭരിക്കാമെന്നാണ് യു എസ്‐യൂറോപ്യൻ ബയർമാരുടെ നിലപാട്. എന്നാൽ, ചൈനയുടെ അഭാവത്തിലും നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കാൻ ഉത്പാദക രാജ്യങ്ങൾ തയറായിട്ടില്ല. വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ബ്രസീൽ, കംബോഡിയ തുടങ്ങിയ ഇടങ്ങളിൽ സ്റ്റോക്ക് ചുരുങ്ങുന്നതിനാൽ ഒരു സെൽ പ്രഷറിനു സാധ്യതയില്ല.
ഇന്ത്യയിൽ മുളക് സ്റ്റോക്കുണ്ടെങ്കിലും അത് ആഭ്യന്തര ആവശ്യത്തിനേ തികയൂ. ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങൾക്കിടയിൽ വിദേശ ഓർഡറുകൾ കയറ്റുമതിക്കാരെ തേടി എത്തിയാലും കൈപൊള്ളുമെന്ന ആശങ്കയും അവർക്കുണ്ട്. മലബാർ സ്പെഷൽ ബോൾഡ് മുളകിനു ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങളുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ കയറ്റുമതി ലോബി രഹസ്യമാക്കി.
അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളകിനു 8000 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടത് വിദേശ വ്യാപാര രംഗം ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്നു. ബ്രസീൽ 6800 ഡോളറിനും വിയറ്റ്നാം 6900 ഡോളറിനും ഇന്തോനേഷ്യേ 7200 ഡോളറിനും ക്വട്ടേഷൻ ഇറക്കി. കാർഷിക മേഖലയിൽ നിന്നും 100 ടൺ മുളക് മാത്രമാണു പോയവാരം വന്നത്. ദീപാവലി വാങ്ങലുകാരുടെ അഭാവം മൂലം ക്വിൻലിനു 1100 രൂപ ഇടിഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് 61,700 രൂപയിലും ഗാർബിൾഡ് 63,700 രൂപയിലുമാണ്.
പ്രതീക്ഷയിൽ റബർ കർഷകർ
സംസ്ഥാനത്ത് റബർ ടാപ്പിങ് ഊർജിതമാകുന്നു. കാലവർഷം പിൻവലിഞ്ഞതോടെ മഴ കുറഞ്ഞത് ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കും. മാസാന്ത്യം കാർഷിക മേഖലയിൽ നിന്നും ലാറ്റക്സ്, ഷീറ്റ് ലഭ്യത കൂടുമെന്ന നിഗമനത്തിലാണ് വ്യവസായികൾ. ഇതിനിടയിൽ തുലാവർഷം ശക്തിപ്രാപിച്ചാൽ സ്ഥിതിഗതികൾ വീണ്ടും താറുമാറാകും. കാലവർഷം തുടങ്ങിയ ജൂൺ മുതൽ അടിക്കടി അനുഭവപ്പെട്ട മഴയിൽ കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ടാപ്പിംഗ് മുന്നേറിയില്ല. നാലാം ഗ്രേഡ് റബറിനു 200 രൂപയുടെ നിർണായക താങ്ങ് നഷ്ടപ്പെട്ട് വാരാന്ത്യം 190 രൂപയിലാണ്.
ഏഷ്യൻ വിപണികളിൽ ഫണ്ടുകൾ റബറിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് അവധി നിരക്കിൽ സമ്മർദം സൃഷ്ടിച്ചു. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ നേരിട്ട തളർച്ച ചൈന, സിംഗപ്പുർ എക്സ്ചേഞ്ചിലും റബറിനെ തളർത്തിയത് സ്റ്റോക്ക് വിറ്റുമാറാൻ തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ സഖ്യം നീക്കം നടത്തിയതും തിരിച്ചടിയായി.
ബാങ്കോക്കിൽ കിലോ 223 രൂപയിലാണ്്. ഒസാക്കയിൽ ഈവാരം ഒക്ടോബർ സെറ്റിൻമെന്റാണ്, 393 യെന്നിൽ നിലകൊള്ളുന്ന അവധിക്ക് 376ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ ഡിസംബർ, ജനുവരി അവധികൾ താഴ്ന്ന തലത്തിലേയ്ക്ക് നീങ്ങും. വിദേശ വിപണികളുടെ ചലനങ്ങൾ വീക്ഷിച്ച് കരുതലോടെ ചരക്ക് വിറ്റുമാറാൻ ഉത്പാദകർ ശ്രമം നടത്തേണ്ട സന്ദർഭമാണ്. ഷീറ്റ് കൂടുതൽ എത്തിയാൽ 180 രൂപയിലെ താങ്ങ് തകർക്കാൻ ടയർ മേഖല നീക്കം നടത്തും, അത്തരം സന്ദർഭത്തിൽ വിൽപ്പന നിയന്ത്രിച്ച് വിപണിയിൽ നിന്ന് അകലണം.
ഏലക്കായ്ക്ക് ആവശ്യക്കാർ
ലേലകേന്ദ്രങ്ങളിൽ എത്തുന്ന എലക്കയിൽ പുതിയ ചരക്കിനെ അപേക്ഷിച്ച് കൂടുതലും കഴിഞ്ഞ സീസണിലെ കായാണ്. മുൻ സീസണിലെ ബംപർ വിളവെടുപ്പിലെ നീക്കിയിരിപ്പാണ് ഇപ്പോൾ വിറ്റുമാറുന്നത്. ഉത്സവ വേളയായതിനാൽ രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ട്. ഗൾഫ് ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക സംഭരിച്ചു. ശരാശരി ഇനങ്ങൾ കിലോ 2332 രൂപ.
നാളികേരോത്പന്നങ്ങൾ ദീപാവലി വാങ്ങലുകളിൽ പ്രതീക്ഷ നിലനിർത്തുന്നു. ഉണ്ടക്കൊപ്രയും രാജാപുർ കൊപ്രയും വീണ്ടും ഒരു കുതിച്ചു ചാട്ടം നടത്തുമെന്ന പ്രതീക്ഷയിൽ പലരും ചരക്ക് കരുതിയിട്ടുണ്ട്. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഇവയുടെ ഉത്പാദനം കുറവായതിനാൽ ദീപാവലി ഡിമാൻഡ് ചലനമുളവാക്കാം. വെളിച്ചെണ്ണ മൂന്നാം വാരത്തിലും 19,400 രൂപയിലും മില്ലിംഗ് കൊപ്ര 13,000 രൂപയിലും സ്റ്റെഡിയാണ്.
സ്വർണം റിക്കാർഡിൽ
ആഭരണ വിപണികളിൽ പവൻ റിക്കാർഡ് പ്രകടനം കാഴ്ച്ചവച്ചു. 56,960 രൂപയിൽ വിപണനം തുടങ്ങിയ പവൻ പിന്നീട് റിക്കാർഡ് പ്രകടനങ്ങളിലുടെ 1280 രൂപ ഉയർന്ന് 58,240 രൂപയായി. ഒരു ഗ്രാം സ്വർണ വില 7095 രൂപയിൽനിന്നും 7280 രൂപയായി.