വിലയേറുന്ന മോഡലുകൾ പ്രഖ്യാപിച്ച് മാരുതി
Thursday, April 3, 2025 12:13 AM IST
മുംബൈ: ഈ മാസം മുതൽ വില വർധിക്കുന്ന കാറുകളുടെ മോഡലുകൾ മാരുതി സുസുക്കി ഇന്നലെ പ്രഖ്യാപിച്ചു. വില വർധിപ്പിച്ച ഏഴു മോഡലുകളുടെ പട്ടികയാണ് കന്പനി പുറത്തുവിട്ടിരിക്കുന്നത്.
വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, പ്രവർത്തന ചെലവുകൾ, നിയന്ത്രണ മാറ്റങ്ങൾ, ഫീച്ചർ കൂട്ടിച്ചേർക്കലുകൾ എന്നിവയാണ് വില ഉയർത്താനുള്ള കാരണങ്ങളായി കന്പനി അറിയിച്ചത്.
ഗ്രാൻഡ് വിറ്റാരയ്ക്കാണ് ഏറ്റവും കൂടുതൽ വില ഉയരുക. 62,000 രൂപ വരെയുള്ള വർധനവാണ് മാരുതിയുടെ ജനപ്രിയ എസ്യുവി മോഡലിനുണ്ടാകുക. വില നിലവിൽ 11.19 ലക്ഷം രൂപയിൽ മുതലാണ് ആരംഭിക്കുന്നത്.
ഇക്കോ (22,500 രൂപ വരെ), വാഗണ്‍-ആർ (14,000 രൂപ വരെ), എർട്ടിഗ (12,500 രൂപ വരെ), എക്സ്എൽ 6 (12,500 രൂപ വരെ), ഡിസയർ ടൂർ എസ് (3,000 രൂപ വരെ), ഫ്രോങ്ക്സ് (2,500 രൂപ വരെ) എന്നിവയാണ് എക്സ്-ഷോറൂം വിലയിൽ വർധനവുണ്ടാകുന്ന മറ്റ് കാർ മോഡലുകൾ.
കഴിഞ്ഞ മാസം 17ന്, കന്പനി ഏപ്രിൽ മുതൽ 4 ശതമാനം വരെ വർധനവ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ നടപ്പിലാക്കിയ സമാനമായ 4 ശതമാനം വർധനവിനെ തുടർന്നാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ കന്പനി വീണ്ടും ചില തെരഞ്ഞെടുത്ത മോഡലുകൾക്ക് 1,500 രൂപ മുതൽ 32,500 വരെ വില ഉയർത്തിയിരുന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, കിയ തുടങ്ങി നിരവധി കന്പനികൾ ഈ മാസം വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ചിൽ മാരുതി സുസുക്കിയുടെ കാർ വിൽപ്പന മൂന്നു ശതമാനം ഉയർന്ന് 1,92,984 യൂണിറ്റായി. ഒരു വർഷം മുന്പ ് ഇതേ കാലയളവിൽ 1,87,196 യൂണിറ്റകളാണ് വിറ്റത്. ഫെബ്രുവരിയിലെ 1,99,400 യൂണിറ്റുകളിൽനിന്ന് പ്രതിമാസ വിൽപ്പന 3.2 ശതമാനം കുറഞ്ഞു.