സേവനം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവേയുമായി ബിഎസ്എൻഎൽ
Wednesday, April 2, 2025 12:32 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം.
ഇന്നലെ മുതൽ സർവേ ആരംഭിച്ചു. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്. ‘ഉപഭോക്താവിന് മുൻഗണന’ എന്ന കാമ്പയിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.
നെറ്റ്വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻഡിന്റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കാണ് സർവേയിൽ മുന്തിയ പരിഗണന നൽകുന്നത്. ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
സർവേയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും നിർദേശങ്ങളും ഉന്നത ഉദ്യോഗസ്ഥർ പിന്നീട് വിശദമായി അപഗ്രഥനം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഇതോടൊപ്പം വയർലസ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും ബിഎസ്എൻഎൽ കൂടുതൽ ആകർഷകമായ പദ്ധതികൾ ആവിഷ്കരിക്കും.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ഈ മേഖലയിൽ 4:24 ദശലക്ഷം വരിക്കാരുമായി ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്താണ്.
ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോക്ക് 11.48 ദശലക്ഷം വരിക്കാരുണ്ട്. 8.55 ദശലക്ഷം വരിക്കാരുമായി ഭാരതി എയർ ടെൽ ആണ് രണ്ടാം സ്ഥാനത്ത്. വരുമാന വർധനയും വളർച്ചയും ലക്ഷ്യമിട്ട് ഈ മേഖലയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സർവേക്ക് ശേഷം ബിഎസ്എൻഎൽ പദ്ധതികൾ ആവിഷ്കരിക്കും.
ഇതു കൂടാതെ 5 ജി രംഗത്ത് ആധിപത്യം ഉറപ്പിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ഡൽഹിയിൽ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ എല്ലാം 5 ജി സേവനം ലഭ്യമാക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.