ആഡംബരത്തിന്റെ പുതിയ മുഖം
Saturday, March 29, 2025 11:35 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ തങ്ങളുടെ ആഡംബര ഇലക്ട്രിക് കാറായ കിയ EV6 ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ ഒൗദ്യോഗികമായി പുറത്തിറക്കി. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് കിയ ഇന്ത്യ മുഖംമിനുക്കിയ EV6 അനാച്ഛാദനം ചെയ്തത്.
ബാറ്ററി പാക്ക്, ഡിസൈൻ, ഫീച്ചറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് EV6ന്റെ വരവ്. പ്രീമിയം അനുഭവം ഉറപ്പാക്കിക്കൊണ്ട് മുൻ മോഡലിന് സമാനമായി ജിടി ലൈൻ വേരിയന്റിന്റെ ഓൾ വീൽ ഡ്രൈവ് മോഡലാണ് കന്പനി എത്തിച്ചിരിക്കുന്നത്. 4695 എംഎം നീളം, 1890 എംഎം വീതി, 1550 എംഎം ഉയരം എന്നിവയ്ക്കൊപ്പം 2900 എംഎമ്മിന്റെ വീൽബേസുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനം പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിച്ചാണ് വിൽപ്പന.
EV6 ന്റെ ആദ്യ മോഡലിന് അടിസ്ഥാനമൊരുക്കിയിരുന്ന ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ (E-GMP) പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. കിയ EV6 ന് 65.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
പവറും പ്രകടനവും
മുൻ മോഡലിൽ 77.4 കിലോവാട്ട് ബാറ്ററിയാണ് കന്പനി നൽകിയിരുന്നതെങ്കിൽ പുതുക്കിയ EV6 ലെ ഏറ്റവും വലിയ അപ്ഗ്രേഡുകളിലൊന്നാണ് അതിലെ പുതിയ 84 കിലോവാട്ട് നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്ക്. മുന്പത്തെ ബാറ്ററി പായ്ക്കിനേക്കാൾ ഭാരം കുറഞ്ഞതും 8% കൂടുതൽ പവർ നൽകുന്നതുമാണ് പുതിയ ബാറ്ററി.
ഒറ്റ ചാർജിൽ 663 കിലോമീറ്ററാണ് കിയ വാഗ്ദാനം ചെയ്യുന്ന ഡ്രൈവിംഗ് റേഞ്ച്. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് വാഹനം അൾട്രാ ഫാസ്റ്റ് ചാർജിംഗ് ചെയ്യാൻ സാധിക്കും. വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററി 80% വരെ ചാർജ് ചെയ്യാൻ കഴിയും. 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിക്കുന്നവർക്ക് ചാർജിംഗ് സമയം 73 മിനിറ്റായി വർധിക്കും.
325 എച്ച്പി പവറും 605 എൻഎംടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് EV6ന് കരുത്തേകുന്നത്. വാഹനത്തിന് 5.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് EV6.
ഡിസൈനിലെ മാറ്റം
മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടി ലുക്കാണ് പുതിയ EV6ന്. ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്ലാന്പും കിയയുടെ സിഗ്നേച്ചർ സ്റ്റാർ മാപ്പ് ബോർഡർ ലൈറ്റുകളുമാണ് മുന്നിൽ നൽകിയിരിക്കുന്നത്. മുൻ മോഡലിൽ നൽകിയിരുന്ന ക്രോമിയം ആവരണങ്ങളെല്ലാം നീക്കി. ബംപറിൽ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം ലോവർ ഗ്രില്ലിലും ഏതാനും അഴിച്ചുപണികൾ വരുത്തിയിട്ടുണ്ട്.
ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകളാണ് EV6 നെ റോഡുമായി ബന്ധിപ്പിക്കുന്നത്. സ്നോ വൈറ്റ് പേൾ, അറോറ ബ്ലാക്ക് പേൾ, വുൾഫ് ഗ്രേ, റണ്വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ EV6 ലഭിക്കും.
പുതിയ ഫീച്ചറുകൾ
EV6 അഞ്ച് പുതിയ ഓട്ടോണമസ് സവിശേഷതകൾ ഉൾപ്പെടെ 27 ഫീച്ചറുകൾ സഹിതമാണ് വരുന്നത്. പുതിയ ഡിസൈനിൽ കിയ ബാഡ്ജിംഗ് നൽകിയിട്ടുള്ള ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലാണുള്ളത്. ഡാഷ്ബോർഡിൽ പനോരമിക് കർവ്ഡ് ഡിസ്പ്ലേയിലുള്ള 12.3 ഇഞ്ച് വലിപ്പത്തിൽ രണ്ട് സ്ക്രീനുകൾ നൽകിയിട്ടുണ്ട്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചേർന്നതാണ് ഡ്യുവൽ സ്ക്രീൻ.
വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനായി നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സെൻസർ, ഡിജിറ്റൽ റിയർവ്യൂ മിറർ, പുതിയ ഹെഡ് അപ്പ് ഡിസ്പ്ലേ, AI അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം തുടങ്ങി അപ്ഡേറ്റ് ചെയ്ത അഡാസ് (ADAS) സ്യൂട്ട് സഹിതമാണ് പുതിയ കിയ EV6 വരുന്നത്.