വിദേശനിക്ഷേപകരെ ഉറ്റുനോക്കി ഇന്ത്യൻ ഓഹരി വിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 31, 2025 12:43 AM IST
പുതിയ സാമ്പത്തിക വർഷത്തെ പ്രതീക്ഷകളോടെ ഇന്ത്യൻ ഓഹരി നിക്ഷേപകർ ഉറ്റുനോക്കുന്നു. പിന്നിടുന്ന സാമ്പത്തിക വർഷത്തിൽ വിപണി കാഴ്ച്ചവച്ച റിക്കാർഡ് പ്രകടനം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിക്ഷേപകർ. തുടർച്ചയായ രണ്ടാം വാരത്തിലും മികവ് കാണിച്ച സൂചികകൾ മാർച്ചിൽ ആറ് ശതമാനം മുന്നേറി. പോയവാരം സെൻസെക്സ് 509 പോയിന്റും നിഫ്റ്റി സൂചിക 169 പോയിന്റും വർധിച്ചു.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുതന്നെയാണ് ഉണർവിന് വഴിതെളിച്ചത്. കഴിഞ്ഞവാരവും അവർ നിക്ഷേപകരായിരുന്നു. മൊത്തം 24,017 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനിടയിൽ 4,352 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ രണ്ടു ദിവസങ്ങളിലായി 3,465 കോടി രൂപയുടെ വില്പനയും 10,261 കോടി രൂപയുടെ നിക്ഷേപവും നടത്തി.
ഫണ്ട് പ്രവാഹം തന്നെയാണ് വിപണിയുടെ അടിത്തറ ശക്തമാക്കുന്നത്. ഓഗസ്റ്റ് മുതൽ നിക്ഷേപത്തിന് മത്സരിച്ച ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ മൊത്തം 37,586 കോടി രൂപ ഇറക്കി. കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വിദേശ ഓപ്പറേറ്റർമാർ വില്പനയിൽ ശ്രദ്ധചെലുത്തി. മാർച്ചിൽ അവർ 17,426 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞവർഷം ജൂൺ മുതൽ നിക്ഷപകരായി നിറഞ്ഞുനിന്ന വിദേശ ഇടപാടുകാർ സെപ്റ്റംബറിൽ 57,724 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഒക്ടോബറിൽ വിദേശ ഇടപാടുകാർ ഇന്ത്യയെ തഴഞ്ഞ് നിക്ഷേപം ചൈനയിലേക്കു തിരിച്ചത് ഓഹരി സൂചികയിൽ വൻ തകർച്ച സൃഷ്ടിച്ചു. സെൻസെക്സ് സർവകാല റിക്കാർഡായ 85,978ൽ നിന്നും ഈ മാസം 72,977ലേക്കും നിഫ്റ്റി സൂചിക അന്നത്തെ റിക്കാർഡായ 26,227ൽനിന്നും 22,000 റേഞ്ചിലേക്കും ഇതിനകം തിരുത്തൽ കാഴ്ച്ചവച്ചു. എന്നാൽ, വിപണിയുടെ തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഒക്ടോബറിൽ നിക്ഷേപിച്ചത് 94,017 കോടി രൂപയാണ്. ജനുവരിയിൽ അവർ 86,592 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
പുതിയ സാഹചര്യത്തിൽ ആഭ്യന്തര-വിദേശ ഫണ്ടുകൾ നിക്ഷപകരായത് ദീർഘകാലയളവിൽ വിപണിക്ക് അനുകൂലമാണ്. സെൻസെക്സ് റിക്കാർഡിൽനിന്നും 8500 പോയിന്റും നിഫ്റ്റി സൂചിക 4000 പോയിന്റും താഴെയാണ്. അനുകൂല സാധ്യതകൾ തുടർന്നാൽ ഒക്ടോബറിന് മുന്നേ ഇന്ത്യൻ ഇൻഡക്സുകൾ പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാം. പിന്നിടുന്ന സാമ്പത്തിക വർഷം സെൻസെക്സ് 3763 പോയിന്റും നിഫ്റ്റി സൂചിക 1192 പോയിന്റും മുന്നേറി.
നിഫ്റ്റി 23,350 പോയിന്റിൽനിന്നും മുൻവാരം സൂചിപ്പിച്ച 23,685ലെ ആദ്യ പ്രതിരോധം തകർത്ത് 23,869 ലേക്ക് ഉയർന്ന അവസരത്തിൽ ഓപ്പറേറ്റർമാർ വില്പനക്കാരായതോടെ സൂചിക 23,412ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ പുതിയ വാങ്ങലുകാരുടെ വരവിൽ വിപണി തിരിച്ചുവരവ് നടത്തി. വ്യാപാരാന്ത്യം ആദ്യ പ്രതിരോധത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ ക്ലേശിച്ച നിഫ്റ്റി 23,519ലാണ്. സൂചിക അതിന്റെ 100, 200 ദിവസങ്ങളിലെ ശരാശരിയായ 23,400-23800 റേഞ്ചിലാണ് കഴിഞ്ഞവാരം സഞ്ചരിച്ചത്.
വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുകയാണെങ്കിലും ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നത് ഓപ്പറേറ്റർമാരെ ബാധ്യതകളിൽനിന്നും പിന്തിരിപ്പിക്കാം. വിപണിക്ക് 23,788ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ നിഫ്റ്റി 24,057നെ ഉറ്റുനോക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 23,331ലും 23,143ലും താങ്ങുണ്ട്. മറ്റ് സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ ബുള്ളിഷാണ്, ദുർബലാവസ്ഥയിൽനിന്നും രക്ഷനേടി എംഎസിഡി ബുൾ ഓപ്പറേറ്റർമാർക്ക് മുന്നിൽ ഈ വാരം പച്ചക്കൊടി ഉയർത്തും.
ഏപ്രിൽ നിഫ്റ്റി ഫ്യൂച്ചർ 23,638ൽനിന്നും 23,700നെ കൈപ്പിടിയിൽ ഒരുക്കിയെന്ന് മാത്രമല്ല, ചൊവ്വാഴ്ച 24,035 വരെ ഉയർന്നു, കഴിഞ്ഞവാരം സൂചന നൽകിയതാണ് ഉയർന്ന റേഞ്ചിൽ പുതിയ ഷോർട്ട് പൊസിഷനുകൾ ഉടലെടുക്കാൻ ഇടയുണ്ടെന്നതും. വാരമധ്യം പിന്നിട്ടതോടെ അൽപ്പം ദുർബലാവസ്ഥയിലേക്കു തിരിഞ്ഞു. ഏപ്രിൽ ഫ്യൂചർ ഓപ്പൺ ഇന്ററസ്റ്റ് 125 ലക്ഷം കരാറിന് മുകളിലെത്തി.
സെൻസെക്സ് 76,905ൽനിന്നും 78,738 വരെ ഉയർന്ന ശേഷം 77,187ലേക്കു താഴ്ന്നു. എന്നാൽ, വ്യാപാരാന്ത്യം കരുത്തുനേടി 77,414.92 പോയിന്റിലാണ്. ഈവാരം 78,372ലെ പ്രതിരോധം തകർക്കാനായാൽ 79,330നെ ലക്ഷ്യമാക്കും. അതേസമയം, വില്പന സമ്മർദം ഉടലെടുത്താൽ 76,821-76,228 റേഞ്ച് താങ്ങ് പ്രതീക്ഷിക്കാം.
രൂപ കരുത്തു നിലനിർത്തി, ഡോളറിന് മുന്നിൽ തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിലാണ്. 85.97ൽനിന്നും 85.40ലേക്ക് മികവ് നേടിയശേഷം വാരാന്ത്യം 85.48ലാണ്. നിലവിൽ 86 റേഞ്ചിൽ പ്രതിരോധം തല ഉയർത്തുന്ന സാഹചര്യത്തിൽ 85.15ലേക്കും തുടർന്ന് 84.90ലേക്കും സഞ്ചരിക്കാം. വീണ്ടും ദുർബലാവസ്ഥ നേരിട്ടാൽ 85.85-85.98 തടസമുണ്ട്.
രാജ്യാന്തര വിപണിയിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. ട്രോയ് ഔൺസിന് 3003 ഡോളറിൽനിന്നും 3085 ഡോളർ വരെ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഡോളറിന്റെ ചാഞ്ചാട്ടവും ഫണ്ടുകളെ മഞ്ഞലോഹത്തിൽ നിക്ഷേപകരാക്കിയതോടെ അവധി നിരക്കുകൾ മൂന്ന് ശതമാനം ഉയർന്ന് 3114 ഡോളറിലെത്തി. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ സ്വർണം 3500 ഡോളറിലേക്ക് സഞ്ചരിക്കാം.