ജിയോയെ ബിഎസ്എൻഎൽ ബിൽ ചെയ്തില്ല; കേന്ദ്രത്തിനു നഷ്ടം 1757 കോടി
Thursday, April 3, 2025 12:13 AM IST
ന്യൂഡൽഹി: അടിസ്ഥാനസൗകര്യം പങ്കുവച്ചതിന് ഒരു പതിറ്റാണ്ടു കാലം ജിയോയെ ബിഎസ്എൻഎൽ ബിൽ ചെയ്യാത്തതിനാൽ കേന്ദ്രത്തിനു നഷ്ടം 1757 കോടി രൂപയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) റിപ്പോർട്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ മേയ് 2024 മുതൽ മാർച്ച് 2024 വരെയുള്ള കാലയളവിൽ ജിയോയുമായി പങ്കിടുന്ന അടിസ്ഥാനസൗകര്യത്തിലും അതിൽ വിന്യസിച്ചിരിക്കുന്ന അധിക സാങ്കേതികവിദ്യക്കും ബിൽ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് സിഎജി അടിവരയിടുന്നു.
റിലയൻസ് ജിയോയുമായുള്ള മാസ്റ്റർ സർവീസ് കരാറിന്റെ (എംഎസ്എ) നിബന്ധനകൾ നടപ്പിലാക്കുന്നതിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടുവെന്നും സിഎജി റിപ്പോർട്ടിലുണ്ട്.
ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സിന് (ടിഐപി) വരുമാനവിഹിതത്തിന്റെ പങ്ക് നൽകുന്പോൾ അതിൽനിന്നു ലൈസൻസ് ഫീസ് വിഹിതം കുറയ്ക്കാത്തതിനാൽ ബിഎസ്എൻഎല്ലിന് 38.36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാസ്റ്റർ സർവീസ് കരാറിൽ റിലയൻസുമായുള്ള നിബന്ധനകളും വ്യവസ്ഥകളും ബിഎസ്എൻഎൽ പാലിക്കാത്തതും ധാരണയിലെത്തിയ വിലയിൽ മാറ്റം വരുത്താവുന്ന എസ്കലേഷൻ ഉടന്പടി കരാറിൽ ബാധകമാക്കാത്തതും മൂലം അടിസ്ഥാനസൗകര്യ പങ്കിടലിൽ 29 കോടി രൂപയുടെ വരുമാന നഷ്ടത്തിനു കാരണമായെന്നും സിഎജി വ്യക്തമാക്കി.