പിടി തരാതെ പൊന്ന്, പവന് 66,720 രൂപ
Saturday, March 29, 2025 12:09 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയായി.
കഴിഞ്ഞ 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72, 400 രൂപ നല്‍കണം.
18 കാരറ്റ് സ്വര്‍ണത്തിനും സര്‍വകാല റിക്കാര്‍ഡാണ്. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6,840 രൂപയിലെത്തി. 18 കാരറ്റ് പവന് വില 54,720 രൂപയായി. വെള്ളി വിലയും സര്‍വകാല റിക്കാര്‍ഡിലാണ്. ഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 112 രൂപയായി.
രാജ്യാന്തര സ്വര്‍ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വര്‍ണ വില റിക്കാര്‍ഡ് ഉയരത്തിലെത്തിയത്.
രാജ്യാന്തര സ്വര്‍ണവില 3085 ഡോളര്‍ കടന്നാല്‍ 3150 ഡോളര്‍ വരെ പോയേക്കാവുന്ന സൂചനകളാണു വിപണിയില്‍നിന്ന് ഉയരുന്നത്.