ഇന്ത്യയിൽ ജർമൻ കന്പനിയുടെ വൻ നിക്ഷേപം
Saturday, March 29, 2025 11:35 PM IST
ന്യൂഡൽഹി: ജർമനിയിൽ കെമിക്കൽ മേഖലയിലുള്ള ഒരു കന്പനി ഇന്ത്യയിൽ വൻ നിക്ഷേപത്തിന് തയാറെടുക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുകയെന്നും പദ്ധതിക്കായി ഒരു സംസ്ഥാനം സ്ഥലം കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.
ന്യൂഡൽഹിയിൽ നടന്ന യൂണിയൻ ഇന്റർനാഷണൽ ഡെസ് അവോക്കാറ്റ്സിന്റെ (യുഐഎ) ഒരു സെഷനിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജർമൻ കന്പനിയുടെയോ സംസ്ഥാനത്തിന്റെയോ പേര് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. കന്പനി തലവൻ ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
കന്പനിക്ക് തുറമുഖത്തിനടുത്തുള്ള ഏകദേശം 250 ഏക്കർ വിസ്തൃതിയുള്ള ഭൂമിയാണ് വേണ്ടത്. ഇന്ത്യയിലെ ഒന്‍പതാമത്തെ വലിയ നിക്ഷേപക രാജ്യമാണ് ജർമനി. 2000 ഏപ്രിലിലും 2024 ഡിസംബറിലും രാജ്യത്തിന് ഏകദേശം 15 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചു.
വ്യവസായ അവസരങ്ങൾ തേടി കൂടുതൽ കൂടുതൽ കന്പനികൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാർക്കശ്യം ലഘൂകരിക്കുകയും ചെറിയ ചട്ടലംഘനങ്ങൾക്ക് ശിക്ഷ ഒഴിവാക്കുകയും തുടങ്ങി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.