ആശയങ്ങള്‍ സംരംഭങ്ങളാക്കാം; ബിഗ് ഐഡിയ കോംപറ്റീഷനുമായി എംജിയുഐഎഫ്
Saturday, March 29, 2025 12:09 AM IST
കോട്ടയം: ക്രിയാത്മക ആശയങ്ങളെ സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരമൊരുക്കി എംജി സര്‍വകലാശാലാ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ബിഗ് ഐഡിയ കോംപെറ്റീഷന്. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനാണ് രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്റെ(റൂസ 2.0) സാമ്പത്തിക പിന്തുണയോടെ മത്സരം നടത്തുന്നത്. ആശയ രൂപീകരണം, രൂപകല്‍പ്പന, പ്രോട്ടോട്ടൈപ്പ് വികസനം എന്നിവയ്ക്കായി രണ്ടു ലക്ഷം രൂപവരെയാണ് ഗ്രാന്റ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് എംജിയുഐഎഫില് മൂന്നു വര്‍ഷത്തെ ഇന്‍കുബേഷന്‍ സൗകര്യം, പേറ്റന്റ് രജിസ്ട്രേഷന്, സീഡ് ഫണ്ടിംഗ്, നിക്ഷേപകരുമായി സംവദിക്കുന്നതിനുള്ള അവസരം, വിപണി വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭിക്കും.
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നിലവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ രണ്ടുവര്‍ഷം സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെയും പരിഗണിക്കും.
മറ്റു പദ്ധതികളില്‍ എംജിയുഐഎഫ് ഫണ്ട് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഏപ്രില്‍ 16 വരെ ആശയങ്ങള്‍ സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ https://www.mgu.ac.in, https://incubation.mguif.com/site/idea_fest/ എന്നീ വെബ് സൈറ്റുകളില്‍. 8078010009.