ഇൻഡിഗോയുടെ മാതൃകന്പനിക്ക് 944.20 കോടി രൂപ പിഴ
സ്വന്തം ലേഖകൻ
Monday, March 31, 2025 12:43 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന എയർലൈൻ ഇൻഡിഗോയുടെ മാതൃകന്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് 944.20 കോടി രൂപ പിഴയിട്ട് ആദായനികുതി വകുപ്പ്. കന്പനിയുടെ 2021 -22 സാന്പത്തികവർഷത്തെ ഇടപാടിനാണ് പിഴ.
എന്നാൽ ആദായനികുതി വകുപ്പിന്റേത് തെറ്റായ നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു. ആദായനികുതി വകുപ്പിന്റെ നടപടി എയർലൈനിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ആദായനികുതി വകുപ്പ് അപ്പീൽ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. അവർ പരാതി പരിഗണിക്കുകയാണെന്നും ഇൻഡിഗോ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ നോട്ടീസിനു പിന്നാലെ ഇൻഡിഗോയുടെ ഓഹരിവിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.