ക്രൂഡ് ഓയിൽ സംഭരണം: റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ തേടി ഇന്ത്യ
Wednesday, April 2, 2025 12:32 AM IST
മുംബൈ: റഷ്യൻ എണ്ണ വാങ്ങുന്നവർക്കുമേൽ കൂടുതൽ പിഴ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, ക്രൂഡ് ഓയിൽ സംഭരിക്കുന്നതിന് റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കന്പനികൾ തേടുന്നതായി റിപ്പോർട്ട്.
ഇതിന്റെ ഫലമായി, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും മിഡിൽ ഈസ്റ്റ്, വടക്കൻ കടൽ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽനിന്ന് അധിക സംഭരണത്തിനായി തിരയുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് മേയ് മാസത്തേക്കാണ്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നുമായുള്ള വെടിനിർത്തലിനു തയാറായില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് ദ്വിതീയ താരിഫ് ഏർപ്പെടുത്താനുള്ള സാധ്യത ഞായറാഴ്ച ട്രംപ് ഉയർത്തിയ സാഹചര്യത്തിലാണ് ഈ ഇന്ത്യൻ റിഫൈനറികളുടെ നീക്കം.