പുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റം
Saturday, March 29, 2025 11:35 PM IST
കൊച്ചി: പുനരുപയോഗ ഊർജ ഉത്പാദനത്തിൽ രാജ്യത്തിനു വലിയ മുന്നേറ്റമെന്ന് എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025. ഒടുവിലത്തെ സ്ഥിതിവിവര കണക്കുകൾ പ്രകാരം 21,09,655 മെഗാവാട്ടാണു രാജ്യത്തിന്റെ പുനരുപയോഗ ഊർജ ഉത്പാദനം.
കാറ്റിൽനിന്നാണ് ഈ ഗണത്തിൽ ഏറ്റവുമധികം ഊർജം ഉത്പാദിപ്പിക്കുന്നത്. 11,63,856 മെഗാവാട്ട് (55 ശതമാനം). സൗരോർജത്തിൽനിന്ന് 7,48,990 ഉം വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നു 1,33,410 ഉം മെഗാവാട്ടാണ് ഉത്പാദന ശേഷി.
പുനരുപയോഗ ഊർജ ഉത്പാദനത്തിന്റെ പകുതിയിലധികവും ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചാണ്. രാജസ്ഥാൻ (20.3 ശതമാനം), മഹാരാഷ്ട്ര (11.8), ഗുജറാത്ത് (10.5), കർണാടക (9.8).
പുനരുപയോഗ സ്രോതസുകളിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സ്ഥാപിത ശേഷി (യൂട്ടിലിറ്റി, നോൺ-യൂട്ടിലിറ്റി ഉൾപ്പെടെ) കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിച്ചു. 2015 മാർച്ചിൽ ഇതു 81,593 മെഗാവാട്ടായിരുന്നെങ്കിൽ 2024 ൽ 1,98,213 മെഗാവാട്ടായി ഉയർന്നു. 10.36 ശതമാനമാണു വാർഷിക വളർച്ചാ നിരക്ക്.
പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതിയുടെ മൊത്ത ഉത്പാദനവും ഗണ്യമായി വർധിച്ചു. 2014-15 സാമ്പത്തികവർഷത്തിലെ ഉത്പാദനമായ 2,05,608 ജിഗാവാട്ട് വൈദ്യുതിയിൽനിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 3,70,320 ഗിഗാവാട്ട് ആയി വർധിച്ചു.
പത്തുവർഷത്തിനിടെ പ്രതിശീർഷ ഊർജ ഉപഭോഗത്തിലും ഇന്ത്യ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ പ്രസരണ, വിതരണ നഷ്ടം കുറച്ച് വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി മെച്ചപ്പെടുത്താനായെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2014-15 സാമ്പത്തിക വർഷത്തിൽ 23 ശതമാനമായിരുന്നു പ്രസരണ, വിതരണ നഷ്ടം. 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 17 ശതമാനമായി കുറഞ്ഞു. കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിര്വഹണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ്എനർജി സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ 2025 പുറത്തിറക്കിയത്.