സ്മാർട്ട്ഫോണുകളിൽ 1.1 ലക്ഷം കോടി മണിക്കൂർ
Saturday, March 29, 2025 12:09 AM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ട്രെയിനിലോ ബസിലോ കയറുന്പോഴോ, റസ്റ്ററന്റിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കയറുന്പോഴോ നിങ്ങളുടെ പതിവ് കാഴ്ച എന്താണ്? മിക്കവരും സ്മാർട്ട്ഫോണുകളിൽ മുഴുകി തല താഴ്ത്തിയിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.
വിലകുറഞ്ഞ സ്മാർട്ട്ഫോണുകളുടെയും കുറഞ്ഞ വിലയുള്ള ഇന്റർനെറ്റ് പായ്ക്കുകളുടെയും ലഭ്യത തീർച്ചയായും രാജ്യത്തിന്റെ വളർച്ചയെ ഡിജിറ്റലൈസേഷനിലേക്ക് നയിച്ചു. ഇന്റർനെറ്റ് എളുപ്പത്തിൽ പ്രാപ്യമാക്കിയത് കൂടുതൽ ഇന്ത്യക്കാരെ സ്മാർട്ട്ഫോണുകൾക്ക് അടിമകളാക്കി, മണിക്കൂറുകളോളം അതിൽ പിടിച്ചിരുത്താനുള്ള മാധ്യമവുമാക്കി. ഇത് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനും ബിസിനസുകൾക്കും കൂടുതൽ പണം സന്പാദിക്കാൻ സഹായിക്കുന്നു.
ഇന്റർനെറ്റ് ഉപയോഗം അതിവേഗം വർധിക്കുന്ന രാജ്യത്ത്, സ്മാർട്ട്ഫോണുകൾക്ക് എല്ലാ ദിവസവും ഓഫറുകൾ ലഭ്യമാകുകയും ഇ-കൊമേഴ്സ് കന്പനികൾ എല്ലാ മാസവും വിൽപ്പന സീസണുകൾ ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാർ ഒരു ട്രില്യണ്‍ മണിക്കൂറിലധികം സമയം സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചതായി പുതിയ കണക്കുകൾ കാണിക്കുന്നു.
അതേസമയം സോഷ്യൽ മീഡിയയും ഒടിടി പ്ലാറ്റ്ഫോമുകളും പണം സന്പാദിക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ഇന്റർനെറ്റ് ഡാറ്റ വിൽപ്പനയ്ക്ക് ഒരു സ്വർണഖനിയാണ്.
സ്മാർട്ട്ഫോണുകളിൽ ചെലവഴിച്ചത് കോടിക്കണക്കിനു മണിക്കൂർ
2024ലെ കണക്കനുസരിച്ച് ഇന്തോനേഷ്യക്കും ബ്രസീലിനും പിന്നിൽ പ്രതിദിന മൊബൈൽ സ്ക്രീൻ സമയത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മുഴുകി അതിൽ നോക്കിയിരിക്കാൻ 1.1 ലക്ഷം കോടി മണിക്കൂർ ചെലവഴിച്ചതായി ഇവൈ പറയുന്നു.
ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി മാറ്റിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഓണ്‍ലൈനിൽ ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന സാന്നിധ്യം മെറ്റ, ആമസോണ്‍ പോലുള്ള ആഗോള ടെക് ഭീമന്മാർക്കും മുകേഷ് അംബാനി, ഇലോണ്‍ മസ്ക് തുടങ്ങിയ ശതകോടീശ്വരന്മാർക്കും ഇടയിൽ മത്സരം ശക്തമാക്കിയിട്ടുണ്ട്. ഇവർ ഡിജിറ്റൽ വിപണിയിൽ തങ്ങളുടെ ബിസിനസുകൾ വികസിപ്പിക്കാനും ആധിപത്യം സ്ഥാപിക്കാനും പദ്ധതിയിടുകയാണ്.
ഇൻസ്റ്റഗ്രാം മുതൽ നെറ്റ്ഫ്ലിക്സ് വരെയുള്ള പ്ലാറ്റ്ഫോമുകൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് കൂടുതൽ പ്രചാരത്തിലെത്തിയിരിക്കുന്നു. ഒരാൾ ശരാശരി, ഒരു ദിവസം അഞ്ച് മണിക്കൂർ മൊബൈൽ സ്ക്രീനിൽ ചെലവഴിക്കുന്നു. അതിൽ ഏകദേശം 70 ശതമാനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഗെയിമിംഗ്, വീഡിയോകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നുവെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.
ഇന്ത്യയിൽ ഡിജിറ്റൽ ചാനലുകളുടെ വർധിച്ചുവരുന്ന എണ്ണം ആദ്യമായി ടെലിവിഷനെ മറികടന്നു. 2024ൽ 2.5 ലക്ഷം കോടി രൂപ (29.1 ബില്യണ്‍ ഡോളർ) മൂല്യമുള്ള മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി ഇതു മാറിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം ആളുകൾ എക്കാലത്തേക്കാളും കൂടുതൽ സമയം ഫോണിൽ ചെലവഴിച്ചതോടെ, ബിസിനസുകൾ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന രീതിയിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട്. ആ സ്ക്രീൻ സമയത്തിന്റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ, വീഡിയോകൾ, ഗെയിമിംഗ് എന്നിവയിൽ ചെലവഴിക്കുന്നതിനാൽ, ബിസിനസുകാർ അവരുടെ ശ്രദ്ധ അവിടേക്ക് മാറ്റുകയാണ്. ബിൽബോർഡുകൾക്കും ടിവി പരസ്യങ്ങൾക്കും പകരം, ബ്രാൻഡുകൾ അവരുടെ പണം ആളുകൾ കൂടുതൽ ഇടപഴകുന്ന ഡിജിറ്റൽ കാന്പെയ്നുകളിലേക്ക് നിക്ഷേപിക്കുന്നു.
രാജ്യം ‘ഡിജിറ്റൽ ഇൻഫ്ലക്ഷൻ പോയിന്റിൽ’ എത്തിയിരിക്കുന്നുവെന്ന് ഇവൈ ഇന്ത്യയുടെ മീഡിയ, വിനോദ മേഖലയിലെ തലവൻ ആശിഷ് ഫെർവാനി റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ മീഡിയ നിരന്തരം വളർന്നുകൊണ്ടിരിക്കുന്പോൾ, നവീകരണത്തിന്റെയും ഏകീകരണത്തിന്റെയും, പുതിയ ബിസിനസ് മോഡലുകളുടെയും, പങ്കാളിത്തങ്ങളുടെയും ഒരു മഹാസമുദ്രം വരും നാളുകളിൽ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ടന്റ് ക്രിയേറ്റേഴ്സിനും രാഷ്ട്രീയക്കാർക്കും നേട്ടം
ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ തിരക്കിലായിരിക്കുന്പോൾ, ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റേഴ്സ് ദൈനംദിന കാര്യങ്ങൾ തുടങ്ങി വലിയ യാത്രകൾ വരെ ഹ്രസ്വ വീഡിയോകളോ വ്ളോഗുകളോ ഇട്ട് ബാങ്ക് അക്കൗണ്ടുകളിൽ പണം നിറയ്ക്കുന്നു. എളുപ്പവും വിലകുറഞ്ഞുമായ ഇന്റർനെറ്റ് പ്രാപ്യമായത് ഇന്ത്യയുടെ ക്രിയേറ്റർ സന്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ സോഷ്യൽ മീഡിയയിൽ കണ്ടന്റുകൾ നിർമിക്കുന്നു. വളർന്നുവരുന്ന ക്രിയേറ്റർ സന്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി രാജ്യം ഒരു ബില്യണ്‍ ഡോളർ ഫണ്ട് പോലും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സും സോഷ്യൽ മീഡിയയിൽ ഇൻഫ്ളുവൻസേഴ്സും കോർപറേറ്റ് മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നവരായി മാറുകയാണ്. ഇന്ത്യക്കാർ സ്മാർട്ട്ഫോണുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്പോൾ, ഇ-കൊമേഴ്സ് വിൽപ്പനക്കാർ പരസ്യങ്ങളും ഓഫറുകളും കൊണ്ട് സ്ക്രീനുകൾ നിറയ്ക്കുന്നു.
അവർക്ക് ആവശ്യമില്ലാത്തതോ പുറത്ത് ഒരു സ്റ്റോറിൽ നിന്ന് വാങ്ങാൻ പോലും പരിഗണിക്കാത്തതോ ആയ സാധനങ്ങൾ വാങ്ങാൻ അവരെ പ്രലോഭിപ്പിക്കുന്നു. ഈ ആസക്തിയിൽ നിന്ന് പ്രയോജനം നേടുന്നത് ഓണ്‍ലൈൻ റീട്ടെയിലർമാർ മാത്രമല്ല, വൻകിട ബിസിനസുകാർ, സിനിമാ നിർമാതാക്കൾ എന്നിവരാണ്. രാഷ്ട്രീയ പാർട്ടികൾ പോലും ശ്രദ്ധ പിടിച്ചുപറ്റാനും അഭിപ്രായങ്ങളെ സ്വാധീനിക്കാനും സോഷ്യൽ മീഡിയ പരസ്യ കാന്പെയ്നുകൾക്കായി കോടിക്കണക്കിന് ചെലവഴിക്കുന്നു.
ഇന്ത്യക്കാരിൽ ഡാറ്റ ആസക്തി ഉയരുന്നു
ഇന്ത്യയിലെ സാന്പത്തിക സർവേ പ്രകാരം, ആളോഹരി മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകളും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയുടെ ജനസംഖ്യയുടെ 40 ശതമാനം അല്ലെങ്കിൽ 56.2 കോടി ജനങ്ങൾ ഇപ്പോൾ സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. യുഎസ്എയുടെയും മെക്സിക്കോയുടെയും കൂടിയുള്ള ജനസംഖ്യയേക്കാൾ മുകളിലാണിത്.
സ്മാർട്ട്ഫോണിന്റെ ശക്തമായ സ്വാധീനത്താൽ ടെലിവിഷൻ, പ്രിന്റ്, റേഡിയോ ഉൾപ്പെടുന്ന പരന്പരാഗത മാധ്യമങ്ങളുടെ വരുമാനവും മാർക്കറ്റ് വിഹിതവും കഴിഞ്ഞ വർഷം ഇടിഞ്ഞെന്നാണ് ഇവൈയുടെ റിപ്പോർട്ടിലുള്ളത്.