വേനൽമഴയിൽ പ്രതീക്ഷവച്ച് കാപ്പി കർഷകർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, March 31, 2025 12:43 AM IST
മികച്ച വേനൽ മഴ ദക്ഷിണേന്ത്യയിലെ കാപ്പിത്തോട്ടങ്ങളിൽ അടുത്ത സീസണിൽ ഉത്പാദനം കുതിച്ചുയരാൻ അവസരമൊരുക്കും. സാങ്കേതിക തിരുത്തലിനു ശ്രമം നടത്തിയ കുരുമുളകിനെ അധികം തളർത്താതെ ബുൾ ഇടപാടുകാർ തോളിലേറ്റി. ഹൈറേഞ്ചിൽ വേനൽ കനത്തതോടെ ഏലക്ക ഉത്പാദനം അവസാനഘട്ടത്തിൽ. നാളികേരോത്പന്നങ്ങൾ കരുത്ത് നിലനിർത്തി. ആഭരണ പ്രേമികളെ ഞെട്ടിച്ച് പവൻ പുതിയ ഉയരങ്ങളിലേക്ക്.
കാപ്പി ഉത്പാദന മേഖലകളിൽ ലഭിച്ച വേനൽമഴ തോട്ടങ്ങളുടെ മാത്രമല്ല, കർഷകരുടെ മനസും തണുപ്പിച്ചു. കനത്ത വേനലിൽ കേരളം-കർണാടക സംസ്ഥാനങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ അപ്രതീക്ഷിതമായി ലഭിച്ച മികച്ച മഴ ഉത്പാദനം ഉയരാൻ അവസരമൊരുക്കും. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസണിൽ വിളവ് മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഇപ്പോത്തെ മഴ കാപ്പിച്ചെടികൾ പുഷ്പിക്കാൻ അനുകൂലം. ഇനി തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ വരവോടുകൂടി മാത്രമേ വിളവ് എത്രമാത്രമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭ്യമാകൂ. വയനാട്ടിൽ ബത്തേരിയിലും മാനന്തവാടി, കൽപ്പറ്റ മേഖലകളിൽ അടുത്ത സീസണിൽ വിളവ് ഉയരാൻ സാധ്യത. വയനാട് ജില്ലയിൽ വേനൽ മഴ സാധാരണയേക്കാൾ കൂടുതൽ ലഭിച്ചു.
കാലവർഷത്തിന് മുമ്പുള്ള വേനൽമഴ വ്യാപകമായി ലഭിച്ചത് കാപ്പിച്ചെടികൾ പൂക്കുന്നതിനും ചെടികളുടെ ആരോഗ്യത്തിനും സഹായകരമാണ്.
കർണാടകത്തിലെ കൂർഗ്, ചിക്കമംഗലൂർ, ഹസൻ മേഖലകളിലും പ്രതീക്ഷിച്ചതിലും മികച്ച മഴ ലഭ്യമായതായാണ് വിവരം. 2023-24 വർഷം രാജ്യം മൊത്തം 3.60 ലക്ഷം ടൺ കാപ്പി ഉത്പാദിപ്പിച്ചു. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത സീസണിൽ റിക്കാർഡ് ഉത്പാദനത്തിന് വഴിതെളിക്കാം. യൂറോപ്യൻ രാജ്യങ്ങൾ നമ്മുടെ കാപ്പിയോട് കാണിക്കുന്ന താത്പര്യം ആകർഷകമായ വില ലഭിക്കാൻ അവസരമൊരുക്കാം. കൽപ്പറ്റയിൽ കാപ്പി പരിപ്പ് കിലോ 460 രൂപയിലും കട്ടപ്പനയിൽ 450 രൂപയിലുമാണ്.
കുരുമുളകിന് തിരിച്ചുവരവ്
കുരുമുളക് ഒരാഴ്ച്ച നീണ്ട സാങ്കേതിക തിരുത്തലുകൾക്ക് ശേഷം തിരിച്ചുവരവ് കാഴ്ച്ചവച്ചു. തൊട്ട് മുൻവാരം സൂചിപ്പിച്ചിരുന്നു കുരുമുളക് വിപണി തിരുത്തലിന് നീക്കം നടത്തുമെന്നത്. സാന്പത്തിക വർഷാന്ത്യമായതിനാൽ വാങ്ങലുകാരിൽ പണത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്, ഇതുമൂലം അന്തർസംസ്ഥാന ഇടപാടുകാർ മുളക് സംഭരണം കുറച്ചു. ഇതിനിടയിൽ നേരത്തേ ഉറപ്പിച്ച കരാറുകൾ പ്രകാരം വ്യവസായികൾക്ക് ചരക്ക് കൈമാറാനുള്ള ഉത്തരേന്ത്യൻ വ്യാപാരികൾ കർണാടകത്തിൽനിന്നും ഉയർന്ന വിലയ്ക്ക് കുരുമുളക് ശേഖരിച്ചു.

കൂർഗ്, ചിക്കമംഗലൂർ മേഖലയിൽ വില്പനക്കാരുടെ അഭാവമാണ് വില ഉയർത്താൻ അവരെ പ്രേരിപ്പിച്ചത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില വാരാന്ത്യം 69,000 രൂപയായി ഉയർന്നു.
ഏലക്കയ്ക്ക് ഡിമാൻഡ്
ഏലക്ക വാങ്ങിക്കൂട്ടാൻ ആഭ്യന്തര വിദേശ ഇടപാടുകാർ ലേലത്തിൽ മത്സരിച്ചു, ഈസ്റ്റർ, വിഷു ഡിമാൻഡ് വില്പന മുന്നിൽ കണ്ടുള്ള വാങ്ങലുകൾ പുരോഗമിക്കുന്നു. മാസാരംഭം മുതൽ നിരക്ക് ഇടിയുന്ന പ്രവണത ലേല കേന്ദ്രങ്ങളിൽ ദൃശ്യമായി. ഒരു വിഭാഗം വാങ്ങൽ താത്പര്യം കുറച്ച് നിരക്ക് പരമാവധി ഇടിക്കാനും ശ്രമം നടത്തി. ഇതിനിടയിൽ വരൾച്ച രുക്ഷമായതോടെ ഉത്പാദനം അഞ്ചിൽ ഒന്നായി ചുരുങ്ങിയെന്ന കാർഷിക മേഖലയിൽനിന്നുള്ള വിലയിരുത്തൽ വിലക്കയറ്റത്തിനു വഴിതെളിച്ചു.

ഇനിയും കാത്തിരുന്നാൽ നിരക്ക് വീണ്ടും 3000ലേക്ക് ഉയരുമോയെന്ന ഭീതി വാരാന്ത്യ ദിനങ്ങളിൽ വാങ്ങലുകാരിൽ പ്രകടമായി. കയറ്റുമതി മേഖല വലിപ്പം കൂടിയ ഇനം ഏലക്കയിൽ ശ്രദ്ധചെലുത്തിയെങ്കിലും വേണ്ടത്ര ഏലക്ക ലഭിക്കാതെ വന്നതോടെ അവർ ശരാശരി ഇനങ്ങളിൽ പിടിമുറുക്കി. ഇതോടെ ശരാശരി ഇനങ്ങൾ കിലോ 2819 രൂപയായി ഉയർന്നു.
നാളികേര ലഭ്യതയിൽ വൻ കുറവ്
നാളികേര ഉത്പാദനത്തിലെ കുറവുമൂലം കൊപ്രയാട്ട് വ്യവസായ രംഗം സ്തംഭനാവസ്ഥയിലേക്ക്. വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയിലും മില്ലുകളുടെ നിത്യേനെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊപ്ര പോലും സംഘടിപ്പിക്കാൻ പലരും ക്ലേശിച്ചു. പച്ചത്തേങ്ങ ഗ്രാമീണ മേഖലകളിൽനിന്നും ശേഖരിക്കാൻ വ്യവസായികൾ നീക്കം നടത്തിയെങ്കിലും കാര്യമായി ചരക്ക് ലഭിച്ചില്ല.

സംസ്ഥാനത്ത് നാളികേര ഉത്പാദനം അന്പത് ശതമാനം കുറഞ്ഞതായി ഒരു വിഭാഗം മില്ലുകാർ വിലയിരുത്തുന്നു. നാളികേര ഉത്പാദനം സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പ് സംസ്ഥാന കൃഷി വകുപ്പ് നടത്തിയില്ല. കർഷകരുടെ ഉന്നമനത്തിനായി പ്രതിമാസം കോടിക്കണക്കിന് രൂപയാണ് വകുപ്പിനുവേണ്ടി സർക്കാർ നീക്കിവച്ചിട്ടുള്ളത്. എന്നാൽ അതിന്റെ പ്രയോജനം കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിവകുപ്പ് വൻ പരാജയമായെന്ന് കർഷകർ. ഉത്പാദനം കുറയുമെന്ന വിവരം മുൻകൂറായി കർഷകർക്ക് നൽകുന്നതിൽ കൃഷിവകുപ്പിന് സംഭവിച്ച വീഴ്ച്ച മൂലം ചെറുകിട കർഷകർക്ക് റിക്കാർഡ് വിലയുടെ മാധുര്യം നുകരാനായില്ല. വാരാന്ത്യം കൊപ്ര 17,300ലും വെളിച്ചെണ്ണ 25,900 രൂപയിലുമാണ്.
സ്വർണം ഉയർന്നുതന്നെ
ആഭ്യന്തര മാർക്കറ്റിൽ സ്വർണവില പവന് 65,840 രൂപയിൽനിന്നും 66,880ലേക്ക് ഉയർന്നു. രാജ്യാന്തര വിപണിയിലെ വർധിച്ച നിക്ഷേപ താത്പര്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് വാരാന്ത്യം സ്വർണത്തെ നയിച്ചു. ട്രോയ് ഔൺസിന് 3003 ഡോളറിൽനിന്നും 3084 ഡോളറിലേക്ക് മഞ്ഞലോഹം കുതിച്ചു.