കേരളത്തിൽ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങൾ തുടങ്ങാനാകും: മന്ത്രി രാജീവ്
Friday, September 20, 2024 11:59 PM IST
തിരുവനന്തപുരം: ഒരു മിനിറ്റ് കൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ, കയർ, നിയമ മന്ത്രി പി. രാജീവ്.
മറിച്ചുള്ള ധാരണകൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്ഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്സ്ഐഡിസി) ബംഗളൂരുവിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ മുൻനിര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. ഈ സർക്കാർ അധികാരമേൽക്കുന്പോൾ വ്യവസായങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. എന്നാൽ പുതിയ വ്യവസായ നയവും പരിഷ്കാരങ്ങളും നടപ്പാക്കിയതിലൂടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനത്ത് എത്താനായെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ ഒരു വ്യാവസായിക സ്ഥാപനത്തിൽ നടത്തേണ്ട നിയമാനുസൃതമായ പരിശോധനകൾ കന്പ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെ ക്രമീകരിക്കുന്നതിനുള്ള കേരള സെൻട്രലൈസ്ഡ് ഇൻസ്പെക്ഷൻ സിസ്റ്റം (കെസിഐഎസ്) സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി പരിശോധനകൾ നടത്തപ്പെട്ട സ്ഥാപനങ്ങളിലെ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പബ്ലിക് ഡൊമെയ്നിൽ പ്രസിദ്ധീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
അടുത്തവർഷം ആദ്യത്തോടെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് ഷോകളുടെ ഭാഗമായാണ് ബംഗളൂരുവിൽ ചടങ്ങ് സംഘടിപ്പിച്ചത്.