ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​ന്പ​ന്ന​ൻ എ​ന്ന നേ​ട്ടം വീ​ണ്ടും സ്വ​ന്ത​മാ​ക്കി അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി. രാ​ജ്യാ​ന്ത​ര നി​ക്ഷേ​പ മാ​ഗ​സി​നാ​യ ഹു​റൂ​ണ്‍ ഇ​ന്ത്യ റി​ച്ച് ലി​സ്റ്റി​ലാ​ണ് 11.6 ല​ക്ഷം കോ​ടി രൂ​പ ആ​സ്തി​യു​മാ​യി ഗൗ​തം അ​ദാ​നി​യും കു​ടും​ബ​വും ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​ത്.

2024 ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഹു​റൂ​ണ്‍ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 10.14 ല​ക്ഷം കോ​ടി രൂ​പ ആ​സ്തി​യു​മാ​യി മു​കേ​ഷ് അം​ബാ​നി​യും കു​ടും​ബ​വും ര​ണ്ടാ​മ​താ​ണ്.

3.14 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​മാ​യി എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സി​ന്‍റെ ശി​വ് നാ​ടാ​രും കു​ടും​ബ​വും മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ മേ​ധാ​വി സൈ​റ​സ് എ​സ്. പൂ​നാ​വാ​ല​യും കു​ടും​ബ​വു​മാ​ണ് 2.89 ല​ക്ഷം കോ​ടി​യു​മാ​യി നാ​ലാം​സ്ഥാ​ന​ത്തു​ള്ള​ത്.

സ​ണ്‍ ഫാ​ർ​മ മേ​ധാ​വി ദി​ലീ​പ് സാ​ങ്‌​വി (2.49 ല​ക്ഷം കോ​ടി രൂ​പ), ആ​ദി​ത്യ ബി​ർ​ല ഗ്രൂ​പ്പ് മേ​ധാ​വി കു​മാ​ർ മം​ഗ​ളം ബി​ർ​ല​യും കു​ടും​ബ​വും (2.35 ല​ക്ഷം കോ​ടി രൂ​പ), ഹി​ന്ദു​ജ ഗ്രൂ​പ്പി​ലെ ഗോ​പി​ച​ന്ദ് ഹി​ന്ദു​ജ​യും കു​ടും​ബ​വും (1.92 ല​ക്ഷം കോ​ടി രൂ​പ), അ​വ​ന്യു സൂ​പ്പ​ർ​മാ​ർ​ട്ട് സാ​ര​ഥി രാ​ധാ​കി​ഷ​ൻ ധ​മാ​നി​യും കു​ടും​ബ​വും (1.90 ല​ക്ഷം കോ​ടി രൂ​പ), വി​പ്രോ മേ​ധാ​വി അ​സിം പ്രേം​ജി​യും കു​ടും​ബ​വും (1.90 ല​ക്ഷം കോ​ടി രൂ​പ), ബ​ജാ​ജ് ഗ്രൂ​പ്പി​ലെ നി​ര​ജ് ബ​ജാ​ജും കു​ടും​ബ​വും (1.62 ല​ക്ഷം കോ​ടി രൂ​പ) എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള മ​റ്റ് ​കോ​ടീ​ശ്വ​ര​ന്മാ​ർ.

അ​ദാ​നി ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 1,021,600 കോ​ടി രൂ​പ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത്. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും ഓ​ഹ​രിവി​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് ക​ണ്ട​ത്.

അ​ദാ​നി പോ​ർ​ട്ട്സ് മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 98 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്. അ​ദാ​നി എ​ന​ർ​ജി, അ​ദാ​നി ഗ്യാ​സ്, അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ, അ​ദാ​നി പ​വ​ർ തു​ട​ങ്ങി​യ എ​ന​ർ​ജി സെ​ക്ട​ർ ഓ​ഹ​രി​ക​ളി​ൽ ശ​രാ​ശ​രി 76 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യു​ണ്ടാ​യി.


മ​ല​യാ​ളി​ക​ളി​ൽ വീ​ണ്ടും യൂ​സ​ഫ​ലി

മ​ല​യാ​ളി വ്യ​വ​സാ​യി​ക​ളി​ൽ ഏ​റ്റ​വും ധ​നി​ക​ൻ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യാ​ണ്. 55.000 കോ​ടി രൂ​പ ആ​സ്തി​യു​ള്ള യൂ​സ​ഫ​ലി ഇ​ന്ത്യ​ൻ കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ 40-ാം സ്ഥാ​ന​ത്താ​ണ്. 42,000 കോ​ടി രൂ​പ ആ​സ്തി​യു​ള്ള ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സാ​ണ് മ​ല​യാ​ളി​ക​ളി​ൽ സ​ന്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

38,500 കോ​ടി​യു​ടെ ആ​സ്തി​യു​ള്ള ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ൻ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ മൂ​ന്നാം സ്ഥാ​ന​ത്തും ക​ല്യാ​ണ്‍ സി​ൽ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ (37,000 കോ​ടി) നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. 31,500 കോ​ടി​യു​ടെ സ​ന്പ​ത്തു​ള്ള ദു​ബൈ ജെം​സ് എ​ജു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ സ​ണ്ണി വ​ർ​ക്കി​യും പ​ട്ടി​ക​യി​ൽ മു​ൻ നി​ര​യി​ലു​ണ്ട്.

സ​ന്പ​ന്ന​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ജോ​യ് ആ​ലു​ക്കാ​സ് 55-ാം സ്ഥാ​ന​ത്തും ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നും കു​ടും​ബ​വും 62-ാം സ്ഥാ​ന​ത്തും ടി.​എ​സ്. ക​ല്യാ​ണ രാ​മ​ൻ 65-ാം സ്ഥാ​ന​ത്തും സ​ണ്ണി വ​ർ​ക്കി 85-ാം സ്ഥാ​ന​ത്തു​മാ​ണ്.

1,000 കോ​ടി​യി​ല​ധി​കം ആ​സ്തി​യു​ള്ള 1,539 വ്യ​ക്തി​ക​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യേ​റെ വ്യ​ക്തി​ക​ൾ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്.

കോ​ടി​ത്തി​ള​ക്ക​ത്തി​ൽ താ​ര​ങ്ങ​ളും

സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​മു​ണ്ട് 1,000 കോ​ടി​യു​ള്ള തി​ള​ക്ക​മു​ള്ള താ​ര​ങ്ങ​ൾ. ഹു​റൂ​ണ്‍ റി​ച്ച് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച​വ​രി​ൽ അ​ഞ്ചു പേ​രാ​ണ് പ്ര​മു​ഖ​രാ​യ ച​ല​ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ള്ള​ത്. ഒ​ന്നാം സ്ഥാ​നം റെ​ഡ് ചി​ല്ലീ​സ് എ​ന്‍റർ​ടൈ​ൻ​മെ​ന്‍റ്സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഷാ​രൂ​ഖ് ഖാ​നാ​ണ്. 7,300 കോ​ടി രൂ​പ​യാ​ണ് ആ​സ്തി.

ജു​ഹി ചൗ​ള (നൈ​റ്റ് റൈ​ഡേ​ഴ്സ് സ്പോ​ർ​ട്സ്-4,600 കോ​ടി), ഋ​ത്വി​ക് റോ​ഷ​ൻ (എ​ച്ച്ആ​ർ​എ​ക്സ്-2,000 കോ​ടി), അ​മി​താ​ബ് ബ​ച്ച​ൻ (1,600 കോ​ടി), ക​ര​ണ്‍ യാ​ഷ് ജോ​ഹ​ർ (1,400 കോ​ടി) എ​ന്നി​വ​രാ​ണ് താ​ര​ങ്ങ​ളി​ൽ മു​ൻ നി​ര​യി​ൽ.