കമ്പനികള്‍ 202 രൂപയ്ക്കു ഷീറ്റ് വാങ്ങി
Saturday, June 8, 2024 2:20 AM IST
കോട്ടയം: ടയര്‍ കമ്പനികള്‍ ഇന്നലെ 202 രൂപയ്ക്കു വ്യാപാരികളില്‍നിന്നു റബര്‍ ഷീറ്റ് വാങ്ങി. വ്യാപാരികള്‍ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 198 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 196 രൂപയ്ക്കും വാങ്ങി.
കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഷീറ്റിനു കടുത്ത ക്ഷാമം നേരിടുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച വില 205 രൂപ കടന്നേക്കും. രണ്ടായിരം ടണ്‍ ഷീറ്റിന് വിവിധ ടയര്‍ കമ്പനികള്‍ ഡിമാന്‍ഡുമായി മാര്‍ക്കറ്റിലുണ്ട്.
സംസ്ഥാനത്തെ 70 ശതമാനം തോട്ടങ്ങളിലും വേനലിനുശേഷം ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. മഴമറ വയ്ക്കുന്നതിലെ ചെലവും തൊഴിലാളികളുടെ ക്ഷാമവും വരുംമാസങ്ങളിലും ടാപ്പിംഗിനെ ബാധിക്കും. കേരളത്തില്‍ പതിനായിരം ടണ്ണില്‍ താഴെയായിരിക്കും ഈ മാസത്തെ ഉത്പാദനമെന്നാണു മാര്‍ക്കറ്റ് സൂചന.