വിപണിക്കു ഷോക്കായി ‘ഇന്ത്യൻ’ കുതിപ്പ്
Wednesday, June 5, 2024 1:08 AM IST
റ്റി.സി. മാത്യു
ഓഹരികൾക്കു തിങ്കളാഴ്ച റിക്കാർഡ് കയറ്റം. ചൊവ്വാഴ്ച റിക്കാർഡ് തകർച്ച. ഒപ്പം രൂപയും. തിങ്കളാഴ്ച ഡോളർ 32 പൈസ കുറഞ്ഞ് 83.14 രൂപയായി. ചൊവ്വാഴ്ച ഡോളർ 39 പൈസ കയറി 83.53 രൂപയായി. ഇവിടെ ചോദ്യങ്ങൾ പലതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ചാഞ്ചാടുന്നത്? ഓഹരികളും രൂപയും തകർച്ച തുടരുമോ? ഏതുവരെ ഇവ താഴും? എന്നെങ്കിലും തിരിച്ചുകയറുമോ? ഇതെല്ലാം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമോ? അവസാന ചോദ്യത്തിൽ നിന്ന് ഉത്തരം തുടങ്ങാം.
തളർച്ച നീണ്ടാൽ ക്ഷീണം
ഓഹരി വിപണിയുടെ ഹ്രസ്വകാല ക്ഷീണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കില്ല. എന്നാൽ വിപണിയുടെ തളർച്ച നീണ്ടുനിന്നാൽ കഥ മാറും. ഇപ്പോഴത്തെ തകർച്ച നീണ്ടു നിൽക്കുന്നതരം അല്ല. ഇതിനു സമാന്തരമായ വിപണിത്തകർച്ച 2004 മേയ് 17ന് ഉണ്ടായതാണ്. അന്ന് ‘ഇന്ത്യ തിളങ്ങുന്നു’എന്ന പ്രചാരണം നടത്തിയ എൻഡിഎയെ തോൽപിച്ച് ഇടതുപക്ഷ പിന്തുണയോടെ യുപിഎ മന്ത്രിസഭ വരുന്നു എന്നറിവായപ്പോൾ വിപണി തകർന്നതു 15.52 ശതമാനം.
സെൻസെക്സ് 842 പോയിന്റ് ഇടിഞ്ഞ് 4283 പോയിന്റിൽ എത്തി. ഇത്ര വലിയ ഏകദിന തകർച്ച സെൻസെക്സിന് അതിനു മുന്പോ പിന്പോ ഉണ്ടായിട്ടില്ല. ആ തകർച്ച കഴിഞ്ഞു മാസങ്ങൾക്കകം സെൻസെക്സ് 6600 പോയിന്റിൽ എത്തി. മൂന്നുവർഷം കഴിയുമ്പോൾ സെൻസെക്സ് 20,000 കടന്നു.
താണാൽ കയറും
ഇതു വിപണികളെ സംബന്ധിച്ച ഒരു സാമാന്യതത്വം വ്യക്തമാക്കുന്നു. താഴ്ന്നതു തിരിച്ചു കയറും, ഉയർന്നതു താഴും എന്നതാണ് ആ തത്വം. താഴ്ന്നതു കയറില്ലെന്നോ ഉയർന്നതു താഴില്ലെന്നോ കരുതരുത് എന്നു പാഠം. ഇടതുപക്ഷം ഉണ്ടായിരുന്നാൽ സാമ്പത്തിക ഉദാരവത്കരണം നടക്കില്ലെന്ന ആശങ്കയായിരുന്നു 2004ൽ വിപണിയുടെ തകർച്ചയ്ക്കു കാരണം. ആശങ്ക തെറ്റാണെന്ന് ഡോ. മൻമോഹൻ സിംഗ് നയിച്ച യുപിഎ തെളിയിച്ചു.
കരുത്തു കുറയും
ഇത്തവണ വളരെ ശക്തമായ ഗവണ്മെന്റ് ഉണ്ടാകുമെന്നു വിപണി കരുതി. പക്ഷേ കിട്ടുന്നതു ദുർബല സർക്കാരാണ്. ബിജെപിക്കു ഭൂരിപക്ഷമില്ല. 2014ൽ 282ഉം 2019ൽ 303ഉം സീറ്റ് നേടി ബിജെപി സ്വന്തമായി ഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു. ഇത്തവണ ഭൂരിപക്ഷത്തിന് ആന്ധ്രപ്രദേശിലെ തെലുങ്കു ദേശം പാർട്ടിയുടെയും ബിഹാറിലെ ജനതാദൾ യുവിന്റെയും പിന്തുണ വേണം. കൂറുമാറുന്നതിനു പ്രത്യേക മടിയൊന്നും ഇല്ലാത്തവരാണ് ചന്ദ്രബാബു നായിഡുവും നിതിഷ് കുമാറും. അവരുടെ പിന്തുണയിലുള്ള ഭരണത്തിന് ഏറെ കാര്യങ്ങളിൽ വിട്ടുവീഴ്ച നടത്തേണ്ടിവരും. അതു ഭരണത്തിന്റെ കാര്യക്ഷമതയെ ബാധിക്കും.
കഴിഞ്ഞ 10 വർഷം നരേന്ദ്ര മോദിക്ക് ഘടകകക്ഷികളെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നു. മോദിയും ബിജെപിയും തീരുമാനിക്കുന്ന കാര്യങ്ങൾ അതേപടി നടത്താമായിരുന്നു. ഇനി അതാകില്ല നില. ഇതു വൈദ്യുതി മുതൽ റിയൽ എസ്റ്റേറ്റ്വരെ വിവിധ മേഖലകളിലെ നയങ്ങൾ നടപ്പാക്കാനും പരിഷ്കാരം ഉറപ്പാക്കാനും തടസമാകും.
ഇന്ത്യൻ വിപണിയുടെ മൊത്തം മൂല്യം ഒരവസരത്തിൽ 40 ലക്ഷം കോടി രൂപ കുറയുന്നതിനാണ് തെരഞ്ഞെടുപ്പ് ഫലം വഴി തെളിച്ചത്. ക്ലോസിംഗിൽ നഷ്ടം 30 ലക്ഷം കോടി രൂപയായി കുറഞ്ഞു. സെൻസെക്സ് 6234 പോയിന്റ് നഷ്ടപ്പെടുത്തി 70,234 പോയിന്റ് വരെ വ്യാപാരത്തിനിടയിൽ താണു. നിഫ്റ്റി 1900ത്തിലധികം പോയിന്റ് നഷ്ടപ്പെടുത്തി 21,281 വരെ താഴ്ന്നു. ഒടുവിൽ ആറു ശതമാനത്താളം താഴ്ന്നാണു സൂചികകൾ അവസാനിച്ചത്.
പൊതുമേഖലയ്ക്കു ക്ഷീണം
പൊതുമേഖലാ വ്യവസായങ്ങൾക്കു മോദിയുടെ രണ്ടാം മന്ത്രിസഭ വലിയ പിന്തുണ നൽകിയതാണ്. അവയ്ക്കു കൂടുതൽ കരാറുകൾ നൽകി. ഒപ്പം വലിയ പ്രവർത്തന സ്വാതന്ത്ര്യവും കൊടുത്തു. കൂടുതൽ ലാഭം ഉണ്ടാക്കുക എന്ന ഡിമാൻഡ് മാത്രമേ ഗവൺമെന്റിൽനിന്ന് ഉണ്ടായുള്ളു. അതു കമ്പനികളുടെ റിസൽട്ടിൽ ദൃശ്യമായി. ഓഹരിവില കുതിച്ചുകയറി. ഇന്നലെ ഇലക്ഷൻ റിസൽട്ടു വന്നതിനെ തുടർന്ന് പൊതുമേഖലാ ഓഹരികൾക്കു വലിയ തകർച്ച നേരിട്ടത് ഈ പശ്ചാത്തലത്തിലാണ്.
പിഎസ്യു ബാങ്ക് സൂചിക 13.6 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപന സൂചിക 16 ശതമാനവും ഇടിഞ്ഞു. ഇതിനർഥം ഈ സ്ഥാപനങ്ങൾക്കു വരുംകാല വളർച്ചയും ലാഭവും കുറയുമെന്നല്ല. ഇനി വരുന്ന ഗവണ്മെന്റ് ഇവയെ അവഗണിക്കുമെന്നോ ഇവയുടെ ലാഭം കവരുമെന്നോ അർഥമില്ല. അത്രയും ആഴത്തിലേക്ക് പോകാത്ത ക്ഷിപ്ര പ്രതികരണമാണു വിപണി നടത്തിയത്.
ബാങ്ക്, പ്രതിരോധം, ഊർജം, ഇന്ധനം, പവർ ഫിനാൻസ് മേഖലകളിൽ ഉണ്ടായ വലിയ വിൽപനസമ്മർദവും തകർച്ചയും വരും ദിവസങ്ങളിൽ ആ ഓഹരികൾ കൂടുതൽ തകരും എന്ന് സൂചിപ്പിക്കുന്നില്ല. വിപണിത്തകർച്ച വ്യവസായ-വാണിജ്യ മേഖലകളോ കയറ്റുമതി മേഖലയോ ഇടിയും എന്ന കണക്കുകൂട്ടലിൽ ഉള്ളതല്ല. ജിഡിപി വളർച്ച താഴുമെന്ന ആശങ്കയും വിപണി പ്രകടിപ്പിച്ചിട്ടില്ല.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെ 22 ശതമാനം വരെ ഇടിഞ്ഞതു ഗ്രൂപ്പ് സാരഥികൾക്കു സർക്കാരുമായുള്ള ബന്ധത്തിന്റെ പേരിലാണ്. ആ ബന്ധം തുടരുമെങ്കിലും പഴയതുപോലെ സുഗമപാത ഉണ്ടാകില്ല. അടുത്ത മന്ത്രിസഭ വേണ്ടത്ര സാമ്പത്തികവളർച്ച ഉറപ്പാക്കാൻ പറ്റുന്നതാവില്ല എന്ന ആശങ്ക ചില പാശ്ചാത്യ നിക്ഷേപബാങ്കുകൾ പ്രകടിപ്പിച്ചു. മന്ത്രിസഭാ രൂപീകരണവും ബജറ്റും കണ്ടാലേ ആ കാര്യത്തിൽ നിഗമനം എടുക്കാനാകൂ.
അതായത് തെരഞ്ഞെടുപ്പു ഫലത്തിന്റെ തുടർ ചലനങ്ങൾ ആഴ്ചകളോളം തുടരും. എങ്കിലും ഓഹരികൾ താമസിയാതെ തിരിച്ചുകയറും. രൂപയും കയറും. അതിവേഗം വളരുന്ന ഇന്ത്യയിലെയും ഇന്ത്യൻ വിപണിയിലെയും ലാഭസാധ്യത അവഗണിക്കാൻ വിദേശ-സ്വദേശ നിക്ഷേപകർക്കു കഴിയില്ല. അവർ വിപണിയെ ഉയർത്തും. ഒപ്പം രൂപയും കയറും.