ജോര്ദാന് ഉച്ചകോടിയില് ശ്രദ്ധനേടി കേരളത്തിന്റെ സഹകരണ നേട്ടങ്ങള്
Tuesday, May 7, 2024 1:14 AM IST
കോട്ടയം: ജോര്ദാനില് നടന്ന ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടി കേരളത്തിലെ സഹകരണമേഖലയുടെ പെരുമ ഉയര്ത്തുന്ന വേദിയായി. 29 രാജ്യങ്ങളിലെ മന്ത്രിമാര് പങ്കെടുത്ത ഉച്ചകോടിയില് മന്ത്രി വി.എന്. വാസവന് പ്രബന്ധം അവതരിപ്പിച്ചു.
പ്രളയം, കോവിഡ് കാലങ്ങളില് കേരളത്തിലെ സഹകരണ മേഖല നല്കിയ കൈത്താങ്ങ്, കേരള ബാങ്കിന്റെ രൂപീകരണം, ഊരാളുങ്കല് ലേബര് കോണ്ട്രാക്റ്റ് സൊസൈറ്റിയുടെ മികവ്, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഇടപെടലുകള് എന്നിവ പ്രതിനിധികള്ക്ക് കൗതുകമായി.
കൃഷി കാര്ഷിക ബിസിനസിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സുസ്ഥിരമായ ഉപജീവന നടപടികള് അനുവര്ത്തിക്കുന്നതിലും കാര്ഷിക മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ വിജയകരമായ പ്രവര്ത്തനങ്ങളുടെ ഇടപെടലുകള് സഹായിക്കുമെന്ന് സമ്മേളനം വിലയിരുത്തിയതായി മന്ത്രി വി.എന്. വാസവന് പറഞ്ഞു.
ഉച്ചകോടിയിലെ നിര്ദേശങ്ങള് യാഥാര്ഥ്യമായാല് ഹെല്ത്ത് ടൂറിസം, വയോജനസംരക്ഷണം, ആയുര്വേദം, ഭക്ഷ്യ- വസ്ത്ര കയറ്റുമതി എന്നിവ കേരളത്തിന് നേട്ടമാകും. ഈ സഹകരണത്തിലൂടെ വരുമാനവും തൊഴില് സാധ്യതയും വര്ധിക്കും. കൊച്ചി സഹകരണ എക്സ്പൊ ഈ മേഖലയിലെ രാജ്യാന്തര എക്സിബിഷന് വേദിയാക്കി ഉയര്ത്താന് കഴിയുമെന്നും മന്ത്രി വാസവന് പറഞ്ഞു.