സൗത്ത് ഇന്ത്യന് ബാങ്കിന് 1,070 കോടി അറ്റാദായം; റിക്കാർഡ്
Friday, May 3, 2024 4:01 AM IST
കൊച്ചി: 2023-2024 സാമ്പത്തിക വര്ഷത്തില് സൗത്ത് ഇന്ത്യന് ബാങ്ക് (എസ്ഐബി) റിക്കാർഡ് ലാഭം നേടി. 1070.08 കോടി രൂപയാണ് അറ്റാദായം.
മുന്വര്ഷത്തെ അപേക്ഷിച്ച് 38.06 ശതമാനത്തിന്റെ വര്ധന രേഖപ്പെടുത്തി. ബിസിനസ്, പലിശവരുമാനം, ആസ്തിവരുമാനം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വളര്ച്ചയാണ് ഇക്കാലയളവില് കൈവരിച്ചതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
ഓഹരി ഉടമകളുടെ അനുമതിക്കു വിധേയമായി 30 ശതമാനം ലാഭവിഹിതം വിതരണം ചെയ്യാന് ഡയറക്ടര് ബോര്ഡ് ശിപാര്ശ ചെയ്തു. മൊത്തം ബിസിനസ് എക്കാലത്തെയും ഉയര്ന്ന നേട്ടമായ 1,82,346 കോടി രൂപയിലെത്തി.
അറ്റപലിശ വരുമാനമായ 3,332.06 കോടി രൂപയും 19.91 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും, 79.10 ശതമാനം നീക്കിയിരിപ്പ് അനുപാതവും (എഴുതിത്തള്ളല് ഉള്പ്പെടെ) റിക്കാർഡ് നേട്ടങ്ങളാണ്. 3.31 ശതമാനം അറ്റപലിശ മാര്ജിന് 18 വര്ഷത്തെ ഏറ്റവും ഉയര്ന്ന നിരക്കാണ്. 0.91 ശതമാനം ആസ്തിവരുമാന അനുപാതവും 12.13 ശതമാനം ഓഹരിവരുമാന അനുപാതവും കഴിഞ്ഞ പത്തുവര്ഷത്തെ ഏറ്റവും ഉയര്ന്ന നിരക്കാണെന്നും അധികൃതർ അറിയിച്ചു.
പ്രവർത്തന ലാഭത്തിൽ 23.91 ശതമാനമാണ് വാർഷിക വർധന. ഇതു മുൻ വർഷത്തെ 1507.33 കോടിയിൽനിന്നും 2023-24 സാന്പത്തികവർഷത്തിൽ 1867.67 കോടി രൂപയിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി 64 പോയിന്റുകൾ കുറഞ്ഞ് 5.14 ശതമാനത്തിൽനിന്ന് 4.50 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 40 പോയിന്റുകൾ കുറഞ്ഞ് 1.86 ശതമാനത്തിൽനിന്ന് 1.46 ശതമാനമായും നിലവാരം മെച്ചപ്പെടുത്തി.
കഴിഞ്ഞ സാന്പത്തികവർഷത്തിൽ ബാങ്ക് സ്വീകരിച്ച നയപരമായ തീരുമാനങ്ങളെല്ലാം ബാങ്കിന്റെ ബിസിനസ് വളർച്ചയ്ക്ക് ഉതകുന്നതായിരുന്നു.
കോർപറേറ്റ്, എസ്എംഇ, ഓട്ടോ ലോണ്, ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോണ്, ഗോൾഡ് ലോണ് തുടങ്ങി എല്ലാ മേഖലയിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.