രൂപയുടെ തകർച്ച തുടരുന്നു
Wednesday, January 8, 2025 11:48 PM IST
മുംബൈ: അമേരിക്കൻ ഡോളറിനെതിരേ രൂപയുടെ ഇടിവ് തുടരുന്നു. ഇന്നലെ 13 പൈസ നഷ്ടത്തോടെ 85.87 എന്ന എക്കാലത്തെയും താഴ്ചയിലേക്കു വീണു. ഡോളർ ശക്തിയാർജിക്കുന്നതും അസംസ്കൃത എണ്ണ വില ഉയർന്നതുമാണ് രൂപയെ ബാധിക്കുന്നത്.
നടപ്പുസാന്പത്തികവർഷത്തെ ഇന്ത്യയുടെ സാന്പത്തിക വളർച്ചാ അനുമാനം കുറച്ചത് നിക്ഷേപകർ ജാഗ്രതയോടെയാണ് കാണുന്നത്. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
85.82 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ 85.89 എന്ന നിലയിലേക്ക് ഏറ്റവും വലിയ താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തി. ചൊവ്വാഴ്ച ആറു പൈസ നഷ്ടത്തിൽ 85.74 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
ആറു കറൻസികൾക്കെതിരേയുള്ള ഡോളർ സൂചികയിൽ 0.35 ശതമാനമാണ് മുന്നേറ്റമുണ്ടായത്. 108.76 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.
ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ 10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം 4.67 ശതമാനമായി ഉയർന്നു.
ബ്രെന്റ് ക്രൂഡ് 0.90 ശതമാനം ഉയർന്ന് ബാരലിന് 77.74 ഡോളറിലെത്തി. രൂപയുടെ ഇടിവിനൊപ്പം ഇന്നലെ ഇന്ത്യൻ ആഭ്യന്തര ഓഹരി വിപണികളും നഷ്ടത്തിലായി. ബിഎസ്ഇ സെൻസെക്സ് 50.62 പോയിന്റ് ഇടിഞ്ഞ് 78,148.49 പോയിന്റിലും നിഫ്റ്റി 18.95 പോയിന്റ് നഷ്ടത്തിൽ 23,688.95 പോയിന്റിലും ക്ലോസ് ചെയ്തു.
ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ- വിദേശ സ്ഥാപന നിക്ഷേപകർ) ചൊവ്വാഴ്ച 1491.46 കോടി രൂപ മൂലധന വിപണിയിൽനിന്ന് പിൻവലിച്ചതായാണ് എക്ചേഞ്ച് കണക്കുകൾ കാണിക്കുന്നത്.
നടപ്പുസാന്പത്തികവർഷം 6.4 ശതമാനം വളർച്ച മാത്രമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രതീക്ഷിക്കുന്നത്. നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ സാന്പത്തികവർഷം 8.2 ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് കുറഞ്ഞ വളർച്ചാ അനുമാനം.
കോവിഡ് കാലത്തിനു (2020-21) ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ അനുമാനമാണിത്. കോവിഡ് കാലത്ത് 5.8 ശതമാനമെന്ന നെഗറ്റീവ് വളർച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2024 ഡിസംബറിൽ പ്രവചിച്ച 6.6 ശതമാനത്തെക്കാൾ കുറവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ.