നായകന് ഡിഫന്‍ഡര്‍
Saturday, January 11, 2025 12:56 AM IST
അരുൺ ടോം /ഓട്ടോസ്പോട്ട്
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ്റോവറിന്റെ 2025ലെ ഡിഫൻഡർ പുതിയ സീറ്റിംഗ് ലേ ഔട്ട്, ഡിസൈനിലെ പുതുമ, കൂടുതൽ ശക്തമായ എൻജിൻ തുടങ്ങി ആഡംബര വാഹനപ്രേമികൾക്ക് ആവശ്യമായ എല്ലാം ചേർത്താണ് വിപണിയെ കീഴടക്കാനെത്തുന്നത്.
അടുത്തിടെയിറങ്ങിയ പണി, മാര്‍ക്കോ സിനിമകളിലും ഈ കരുത്തൻ നിറഞ്ഞുനിന്നതോടെ എല്ലാവരുടെയും ഇഷ്ടവാഹനമായി ഡിഫന്‍ഡര്‍ മാറി. 2025ലെ പുതിയ ഡിഫന്‍ഡറിന്റെ വരവ് വാഹനപ്രേമികള്‍ ആവേശത്താേടെയാണ് ഉറ്റുനോക്കുന്നത്.
തിരികെവന്ന വി8
ഒറ്റനോട്ടത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ഡിഫന്‍ഡര്‍ 2025 എഡിഷന് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിറുത്തിയ വി8 എന്ജിന് തിരികെ എത്തിച്ചതാണ് വാഹനത്തിലെ പ്രധാന മാറ്റം. 420 ബിഎച്ച്പി കരുത്തും 610 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വി 8 എന്ജിന് സാധിക്കും.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ വെറും 5.2 സെക്കന്‍ഡ് മതിയാകും. 240 കിലോമീറ്റര്‍ വരെ വാഹനത്തിന് വേഗം കൈവരിക്കാന്‍ സാധിക്കും. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മൂന്ന് മോഡലുകളും ഈ എന്‍ജിനില്‍ എത്തുന്നുണ്ട്. ഉറച്ച സസ്പെന്ഷന് ബുഷുകളും ഫ്ലാറ്റര്‍ കോര്‍ണറിംഗിനായി ആന്റിറോള്‍ ബാറുകളും ഉണ്ട്. ഹാന്ഡ്ലിംഗിലും മികവുപുലര്‍ത്തുന്ന വാഹനമാണ് പുതിയ ഡിഫന്‍ഡര്‍.
വി8 എന്ജിന് പുറമെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ ഈ വാഹനം എത്തുന്നുണ്ട്. 110 ബോഡി സ്റ്റൈല്‍ മോഡലിലെ എക്സ്ഡൈനാമിക് എച്ച്എസ്ഇ വേരിയന്റില്‍ മാത്രമാണ് ഈ എന്ജിന് നല്‍കുന്നത്. എന്നാല്‍, മൂന്ന് പതിപ്പുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എന്ജിന് നല്‍കുന്നുണ്ട്. ഡിഫന്‍ഡര്‍ 130 മോഡലിലെ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ നല്കിയതും എട്ട് സീറ്റര്‍ മോഡല്‍ ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ത്തതും 2025 പതിപ്പിന്റെ സവിശേഷതകളില്‍ ചിലതാണ്.
പുതുമയുണ്ട്
2025 ഡിഫന്‍ഡറിലെ ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളുണ്ട്. സീറ്റുകളിലെ ലെതറുകള്‍ അപ്ഗ്രേഡ് ചെയ്തതിനൊപ്പം സെന്‍ട്രല്‍ കണ്‍സോളില്‍ സ്റ്റോറേജിന് കൂടുതല്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 14 തരത്തില്‍ ക്രമീകരിക്കാവുന്ന മെമ്മറി ഫംഗ്ഷനോടെയുള്ള ഹീറ്റഡ്/കൂള്‍ഡ് മുന്‍നിര സീറ്റുകള്‍, 11.4 ഇഞ്ച് ടച്ച് സ്ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റ്, 360 ഡിഗ്രി കാമറ, പനോരമിക് സണ്‍റൂഫ്, മെറിഡിയന് സൗണ്ട് സിസ്റ്റം, റഫ്രിജറേറ്റര്‍ കംപാര്‍ട്ട്മെന്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും കറുത്ത നിറത്തിലുള്ള ബ്ലാക്ക് റൂഫും 20 ഇഞ്ചിന്റെ സാറ്റിന് ഡാര്‍ക്ക് ഗ്രേ അലോയ് വീലുകളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെറെയിന്‍ റെസ്പോന്‍സ് സിസ്റ്റം, ഇലക്ട്രോണിക് എയര്‍ സസ്പെന്ഷന് തുടങ്ങിയ ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
എക്സ് ഡൈനാമിക് എച്ച്എസ്ഇ, എക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന പുതിയ ഡിഫന്‍ഡറിന് 1.39 കോടി രൂപ മുതലാണ് എക്സ്ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് പതിപ്പുകളും ഇന്ത്യയില്‍ ലഭ്യമാകും. പുതിയ ഡിഫെന്‍ഡര്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്ന് ലാന്‍ഡ്റോവര്‍ വെളിപ്പെടുത്തിയിട്ടില്ല.