ആറു കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ടെക്കി ഇൻഫോസിസ് വിട്ടു
Sunday, January 12, 2025 12:39 AM IST
മുംബൈ: ജോലിസമ്മർദത്തെത്തുടർന്ന് ടെക്കികൾ ജീവനൊടുക്കിയ സംഭവങ്ങൾ വലിയ ചർച്ചയായതിനു പിന്നാലെ കടുത്ത സമ്മർദത്തെത്തുടർന്ന് ജോലി ഉപേക്ഷിച്ച യുവാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു.
പൂനയിൽനിന്നുള്ള ടെക്കി ഭൂപേന്ദ്ര വിശ്വകർമയാണ് ഐടി കന്പനിയായ ഇൻഫോസിസിലെ ഉയർന്ന ജോലി രാജിവച്ച്, രാജിയിലേക്കു നയിച്ച ആറു കാരണങ്ങൾ അക്കമിട്ടു നിരത്തി സമൂഹമാധ്യമമായ ലിംഗ്ഡിനിൽ പോസ്റ്റിട്ടത്.
കുടുംബത്തിന്റെ അത്താണിയായിരുന്ന ഭൂപേന്ദ്ര മറ്റൊരു ജോലി കിട്ടിയിട്ടല്ല ഇൻഫോസിസ് വിട്ടതെന്നതും ശ്രദ്ധേയമാണ്. കമ്പനിയിൽ താൻ നേരിട്ട വ്യവസ്ഥാപിത പ്രശ്നങ്ങളാണ് മറ്റൊരു ജോലി തേടുംമുമ്പേ രാജിവയ്ക്കാൻ നിർബന്ധിതനാക്കിയതെന്നും ഭൂപേന്ദ്ര പറയുന്നു.
വൻ ശമ്പളമുണ്ടെങ്കിലും കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ വലിയ സമ്മർദമാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഭൂപേന്ദ്ര രാജിക്ക് നിരക്കിയ ആറ് കാരണങ്ങൾ ഇവയാണ്:
1. സാമ്പത്തിക നേട്ടമില്ല: സിസ്റ്റം എൻജിനിയർ എന്ന പോസ്റ്റിൽനിന്ന് സീനിയർ സിസ്റ്റം എൻജിനിയറായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ശമ്പളത്തിൽ ഒരു വർധനയും ഉണ്ടാകുന്നില്ല. മൂന്നുവർഷത്തെ കഠിനമായ ജോലിയും അർപ്പണബോധവുംകൊണ്ട് ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിച്ചു. അക്കാലയളവിൽ ഒരുപാട് പ്രതീക്ഷയോടെയാണ് ടീമിനൊപ്പം ജോലി ചെയ്തത്. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും ശമ്പളവർധനവില്ലെന്ന് കണ്ടപ്പോൾ വലിയ നിരാശ തോന്നി.
2. പക്ഷപാതം നിറഞ്ഞ ജോലിഭാര വിന്യാസം: ആദ്യം 50 ടീമംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 30 ആയി ചുരുങ്ങിയപ്പോഴും ജോലിഭാരം വർധിച്ചതല്ലാതെ കുറഞ്ഞില്ല. 50 പേർ ചെയ്യേണ്ട ജോലി 30 പേർ തീർക്കേണ്ട അവസ്ഥയായി. പുതിയ ആളുകളെ എടുക്കാത്തതാണ് പ്രധാന കാരണം. എന്നാൽ, അധികമായി ജോലി ചെയ്യുന്നതിനു മറ്റാനുകൂല്യങ്ങളൊന്നും നൽകിയതുമില്ല.
3. കരിയറിലെ വളർച്ചാ സ്തംഭനം: പരിമിതമായ ശമ്പളവർധനയും കരിയർ വളർച്ച സ്തംഭിച്ചതും വലിയ ഭാരമായി തോന്നി.
4. മോശം ക്ലയന്റ് എൻവയൺമെന്റ്: ജോലിസ്ഥലത്ത് ചെറിയ കാര്യങ്ങൾക്കുപോലും കലഹമുണ്ടാകുന്നത് ജീവനക്കാരുടെ മാനസികനിലയെ ബാധിച്ചു. സമ്മർദം എല്ലാ തലത്തിലും വർധിച്ചുവരികയായിരുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെക്കുറിച്ചോ മറ്റു പ്രശ്നങ്ങളെക്കുറിച്ചോ അന്വേഷിച്ചറിയാൻ ആരും മിനക്കെട്ടില്ല. ജോലി മാത്രമായിരുന്നു മുതലാളിമാർക്ക് മുഖ്യം.
5. അംഗീകാരം ലഭിച്ചില്ല: നന്നായി ജോലി ചെയ്തിട്ടും അതിനനുസരിച്ചുള്ള അംഗീകാരം മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഒരാൾപോലും സ്ഥാനക്കയറ്റത്തിനു ശിപാർശ ചെയ്തില്ല. ശമ്പളവും വർധിപ്പിച്ചില്ല. തന്റെ കഠിനാധ്വാനം ചൂഷണം ചെയ്യുകയായിരുന്നു കമ്പനി അധികൃതർ.
6. ചുമതലകൾ നൽകുന്നതിലെ പ്രാദേശിക പക്ഷപാതം: ചുമതലകൾ നൽകിയിരുന്നത് ഒരിക്കലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് പക്ഷപാതപരമായിരുന്നു. ഹിന്ദി പോലെ ചില പ്രത്യേക ഭാഷകൾ സംസാരിക്കുന്നവരെ മാറ്റിനിർത്തുകയും ചെയ്തു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകൾ സംസാരിക്കുന്നവർക്കാണ് കൂടുതൽ പരിഗണന ലഭിച്ചത്.
ഈ പ്രശ്നങ്ങൾ തന്റേതു മാത്രമല്ലെന്നും കമ്പനിയിലെ പലരും നേരിടുന്നതാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര കുറിപ്പ് അവസാനിപ്പിച്ചത്. പോസ്റ്റിനുമേൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോർപറേറ്റ് മേഖലകളിൽ നടക്കുന്ന തൊഴിൽ ചൂഷണത്തെക്കുറിച്ചാണ് പലരും പ്രതികരിച്ചത്. ചിലയിടങ്ങളിൽ ഒരു പ്രമോഷൻ പോലും ലഭിക്കുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി.