വൻ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി രൂപ
Friday, January 10, 2025 12:22 AM IST
മുംബൈ: ഇന്നലെ അമേരിക്കൻ ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽനിന്ന് തിരിച്ചുകയറി. നാലു പൈസ നേട്ടത്തോടെ 85.87 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കൻ കറൻസി ദൃഢമായി നിൽക്കുന്നതിനും ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനുമിടെയാണ് രൂപ നേരിയ നേട്ടമുണ്ടാക്കിയത്. ഇന്നലെ വ്യാപാരത്തിനിടെ രൂപ ഡോളറിനെതിരേ 85.94 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
യുഎസിന്റെ നിയുക്തപ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച താരിഫുകളും നികുതിയിളവുകളും ഉയർന്ന പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയ്ക്കിടെ ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോളർ ശക്തമായിതുടരുന്നു.
ഡോളർ സൂചികകൾ ബുധനാഴ്ചത്തെ (108.98) വച്ച് നോക്കിയാൽ ഇന്നലെ 109.14ന്റെ നേരിയ മുന്നേറ്റം നടത്തി. ആറു പ്രധാന നാണയങ്ങൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്.