കുരുമുളകിന് ക്ഷാമം; വിലയിൽ കുതിപ്പ്
Monday, January 13, 2025 12:58 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
വിയറ്റ്നാം നാണയമായ ഡോംഗിൽ കുരുമുളക് വില ഒന്നരലക്ഷം രൂപയ്ക്ക് മുകളിൽ, മുൻവാരം സൂചിപ്പിച്ചതാണ് അവിടെ മുളക് കിട്ടാക്കനിയെന്ന്. ഒസാക്കയിൽ റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നു, വിപണി സാങ്കേതിക തിരുത്തൽ പൂർത്തിയാക്കിയെന്ന് വ്യക്തമായതോടെ ഫണ്ടുകൾ ഏപ്രിൽ, മേയ് അവധികളിൽ പിടിമുറുക്കുന്നു. നാളികേര വിളവെടുപ്പിന് തുടക്കംകുറിച്ചിട്ടും വിപണിയിലെ ചരക്ക് ക്ഷാമം തുടരുന്നു.
വിയറ്റ്നാമിലെ മുഖ്യ കാർഷിക വിപണികളിൽ കുരുമുളക് വില കിലോ 1,51,000 ഡോംഗിലേക്ക് കയറി. രൂക്ഷമായ മുളക് ക്ഷാമമാണ് നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്. പിന്നിട്ട വാരത്തിലും വില ഉയർന്നെങ്കിലും വിൽപ്പനക്കാരുടെ അഭാവം വാങ്ങലുകാരെ അസ്വസ്ഥരാക്കി. സ്ഥിതിഗതികൾ അത്ര അനുകൂലമല്ലെന്ന് വ്യക്തമായതോടെ ഇതര ഉത്പാദക രാജ്യങ്ങളും നിരക്ക് ഉയർത്താൻ നീക്കം തുടങ്ങി. വിയറ്റ്നാമിൽ വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം.
ചൈനീസ് ലൂണാർ ന്യൂ ഇയർ വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക് ഇനിയും കണ്ടെത്തിയിട്ടില്ല. ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റീസെല്ലർമാരിൽനിന്നും കുരുമുളക് ശേഖരിക്കാൻ നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ലെന്നാണ് സൂചന. ഉത്സവദിനങ്ങളിലെ ആവശ്യങ്ങൾക്ക് 20,000 ടണ്ണിൽ അധികം കുരുമുളക് ചൈനയ്ക്ക് ആവശ്യമാണ്.
അന്താരാഷ്ട്ര മാർക്കറ്റിൽ വൈറ്റ് പെപ്പറിനും ആവശ്യം വർധിച്ചു. ബ്രസീലിൽ ചരക്കുക്ഷാമം മൂലം പുതിയ ക്വട്ടേഷൻ ഇറക്കുന്നില്ല. ഇന്തോനേഷ്യൻ വെള്ളക്കുരുമുളക് 8950 ഡോളറിൽ നീങ്ങിയപ്പോൾ വിയറ്റ്നാം 9600 ഡോളർവരെ ആവശ്യപ്പെട്ടു. മലേഷ്യൻ വൈറ്റ് പെപ്പർ വില ടണ്ണിന് 10,900 ഡോളറിൽനിന്നും 11,100ലേക്ക് ഉയർന്നു.
കേരളം, കർണാടക സംസ്ഥാനങ്ങളിലെ ഉത്പാദകരുടെ സ്റ്റോക്കിസ്റ്റുകളും വിൽപ്പനയിൽനിന്നും പിൻവലിഞ്ഞതിനാൽ പുതുവർഷം പിറന്നശേഷം ഏല്ലാ ദിവസങ്ങളിലും വാങ്ങലുകാർ നിരക്ക് ഉയർത്തുകയാണെങ്കിലും ചരക്കുക്ഷാമം രൂക്ഷമാണ്. പകൽ താപനില അപ്രതീക്ഷിതമായി ഉയർന്നത് കാർഷിക മേഖലയെ പിരിമുറുക്കത്തിലാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് 63,700 രൂപയിൽനിന്ന് 64,700 രൂപയായി. ഗാർബിൾഡ് 66,700 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്നു.
റബർ വില ഉയർന്നേക്കും
ഒസാക്ക എക്സ്ചേഞ്ചിൽ സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. ഡിസംബറിൽ 378 യെന്നിൽ തുടങ്ങിയ തിരുത്തൽ വേളയിൽ തന്നെ സൂചിപ്പിച്ചതാണ് വിപണി ബുള്ളിഷ് മൂഡിലാണെന്ന്. മൂന്നാഴ്ച്ചയിൽ ഏറെ തിരുത്തലുകൾക്കിടയിൽ കഴിഞ്ഞവാരം വ്യക്തമായ 351 യെന്നിലെ സപ്പോർട്ട് വിപണി നിലനിർത്തി, 354 യെന്നിലേക്ക് ഇടിഞ്ഞ ശേഷം വീണ്ടും മികവിന്റെ പാതയിലാണ്, വാരാന്ത്യം ഏപ്രിൽ അവധി 372 യെന്നിലേക്ക് ഉയർന്നു. വാരാന്ത്യം ബാങ്കോക്കിൽ റബർ വില 19,785 രൂപയിലാണ്.
ചൂടിനെ തുടർന്ന് പല ഭാഗങ്ങളിലും മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത പെടുന്നനെ കുറഞ്ഞു. പ്രതികൂല കാലാവസ്ഥ മുൻനിർത്തി പലരും വെട്ടുചുരുക്കി. ഇതിനിടയിൽ അപ്രതീക്ഷിതമായി ചക്രവാതച്ചുഴി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത് കണക്കിലെടുത്താൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഈവാരം മഴയ്ക്കുള്ള സാധ്യത തെളിയുന്നു. വരണ്ടു തുടങ്ങിയ ഭൂമിക്ക് മഴയുടെ വരവ് കുളിര് സമ്മാനിക്കാം. ഇതിനിടയിൽ വിപണി ഷീറ്റ് ക്ഷാമത്തിൽ നീങ്ങുന്നതിനിടയിൽ വിദേശ വില ഉയർന്നതോടെ ടയർ കമ്പനികൾ നാലാം ഗ്രേഡിനെ 190ലേക്ക് ഉയർത്തി.
ടയർ വ്യവസായികൾ പിരിമുറുക്കത്തിലാണ്, രൂപയുടെ മൂല്യത്തകർച്ച അവരെ സമ്മർദത്തിലാക്കി. കഴിഞ്ഞവാരം 85.78ൽ നിലകൊണ്ട രൂപയുടെ മൂല്യമിപ്പോൾ 85.95ലേക്ക് ദുർബലമായി. മുൻവാരം സൂചിപ്പിച്ചതാണ് രൂപയുടെ തകർച്ച അവസാനിച്ചിട്ടില്ല. മൂല്യം ഇനിയും ഇടിയുമെന്ന് വ്യക്തമായതിനാൽ ആഭ്യന്തര വിപണിയിൽനിന്നും ഷീറ്റ് ശേഖരിക്കാൻ അവർ നീക്കം നടത്തും.
വിളവ് ചുരുങ്ങി
കേരളത്തിലും കർണാടകയിലും കാപ്പി വിളവെടുപ്പു പുരോഗമിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിമിത്തം വിളവ് ചുരുങ്ങിയെന്ന വിലയിരുത്തലുകൾക്കിടയിൽ വ്യവസായികൾ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ രംഗത്തിറങ്ങി. വയനാട്ടിൽ ഉണ്ടക്കാപ്പി 54 കിലോ 12,200 രൂപയിലും കാപ്പി പരിപ്പ് കിലോ 410 രൂപയിലുമാണ്.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണവില ഉയർന്നു. പവൻ 57,720 രൂപയിൽനിന്നും 58,280ലേക്ക് ഉയർന്നു.
പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ്
നാളികേര വിളവെടുപ്പ് തുടങ്ങി. കൊപ്രയും പച്ചത്തേങ്ങയും റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാൽ പരമാവധി വേഗത്തിൽ പുതിയ ചരക്ക് വിൽപ്പനയ്ക്കിറക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതിൽ വിളവെടുപ്പു തുടങ്ങി, മാസത്തിന്റെ രണ്ടാം പകുതിയിൽ വിളവടുപ്പ് ഊർജിതമാകും.
പച്ചത്തേങ്ങ ശേഖരിക്കാൻ ചെറുകിട മില്ലുകാർ രംഗത്തുണ്ട്. തമിഴ്നാട്ടിലെ ചരക്കുക്ഷാമം മൂലം നമ്മുടെ നിരക്കിലും ക്വിന്റലിന് 150 രൂപ ഉയർന്നാണ് അവിടെ കൊപ്രയുടെ കൈമാറ്റം. തമിഴ്നാട് അതിർത്തി ജില്ലകളിൽ ഏജന്റുമാരെ ഇറക്കി കേരളത്തിൽനിന്നും അവർ പച്ചത്തേങ്ങ ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര 14,900ലും വെളിച്ചെണ്ണ 22,300 രൂപയിലുമാണ്.