കെഎംഎ അന്താരാഷ്ട്ര മാനേജ്മെന്റ് കണ്വന്ഷന് കൊച്ചിയില്‍
Wednesday, January 15, 2025 12:45 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) രണ്ടാമത് അന്താരാഷ്ട്ര മാനേജ്മെന്റ് കണ്വന്ഷന് 16, 17 തീയതികളിൽ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം ആറിന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിസ്ലേരി ഇന്റര്‍നാഷണല്‍ സിഇഒ ആഞ്ചലോ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
ദുബായ് പോര്‍ട്ട് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും. 17നു രാവിലെ മുതല്‍ വിവിധ സെഷനുകളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. സമാപനച്ചടങ്ങില്‍ തോമസ് മാത്യു, കെ.എസ്. ശബരീനാഥന് എന്നിവര്‍ പങ്കെടുക്കും.
അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്കല്‍, എംപിആര്എസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് ഇന്റര്‍നാഷണല്‍ ബിസിനസ് സിഇഒ യാഷ് റാഡിയ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ആയിരത്തോളം പ്രതിനിധികളും ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളും കൺവൻഷനിൽ പങ്കെടുക്കുമെന്ന് കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കെ. ഹരികുമാര്‍, സെക്രട്ടറി അനില്‍ ജോസഫ്, ട്രഷറര്‍ ദിലീപ് നാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.