വരുന്നു, തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ
Tuesday, January 14, 2025 2:00 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്ററും ബിസിനസ് ക്ലാസ് ഹോട്ടൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി ബ്രിഗേഡ് എന്റർപ്രൈസസ് ടെക്നോപാർക്കുമായി ഇന്നലെ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
1.5 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയിലായിരിക്കും ട്രേഡ് സെന്റർ വികസിപ്പിച്ചെടുക്കുക. ഇതിന് നിരവധി ടവറുകളും ഉണ്ടാകും.ടെക്നോപാർക്കില ജീവനക്കാർക്ക് ഇതു വഴി ഗ്രേഡ് എ ഓഫീസ് സ്ഥലം ലഭ്യമാക്കും.
10,000ൽ അധികം പേർക്ക് നേരിട്ടും അല്ലാതെയും ഈ പദ്ധതി വഴി തൊഴിലവസരം ലഭിക്കുമന്നാണ് പ്രതീക്ഷ.ബ്രിഗേഡ് എന്റർപ്രൈസസ് കൊച്ചിയിൽ വികസിപ്പിച്ച ട്രേഡ് സെന്ററിന്റെ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രണ്ടാമത്തെ സെന്റർ തിരുവനന്തപുരത്ത് സാധ്യമാക്കാൻ പോകുന്നത്.
ഐടി രംഗത്തെ മൾട്ടി നാഷണൽ കമ്പനികളെ ആകർഷിക്കുക എന്നതാണ് ട്രേഡ് സെന്റർ പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്്ട്ര ഭൂപടത്തിൽ തിരുവനന്തപുരത്തിനെ മികച്ച ഐടി ഹബ്ബായി അടയാളപ്പെടുത്താൻ ഇത് സഹായകമാകും എന്നാണ് പ്രതീക്ഷ.
ഇത് കൂടാതെ വരുംവർഷങ്ങളിൽ 15,00 കോടി രൂപ കേരളത്തിൽ നിക്ഷേപിക്കാനും ബ്രിഗേഡ് ഗ്രൂപ്പിന് പദ്ധതിയുണ്ട്.
ബ്രിഗേഡ് എന്റർപ്രൈസസ് സിഇഒ ഹൃഷികേശ് നായരും ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായരും തമ്മിലാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. ഇതിന്റെ പകർപ്പ് ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്തു.