ഓഹരി വിപണികൾ നഷ്ടത്തിൽ
Friday, January 10, 2025 12:22 AM IST
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും തളർച്ചയിൽ. ദുർബലമായ ആഗോള സൂചനകൾക്കും യുഎസ് ഡോളറിന്റെയും ബോണ്ടിന്റെയും ഉയർച്ചയ്ക്കുമിടെയാണ് ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിലായത്.
ബുധനാഴ്ച 78,148.49 പോയിന്റിൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നലെ 78,206.21 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 77,542.92 പോയിന്റിലെത്തി. അവസാനം 528 പോയിന്റ് നഷ്ടത്തോടെ 77,620.21 പോയിന്റിൽ വിപണി ക്ലോസ് ചെയ്തു.
നിഫ്റ്റി തലേന്നത്തെ 23,688.95 പോയിന്റിനെതിരേ ഇന്നലെ 23,674.75 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 23,503,05 പോയിന്റിലേക്കു ഇടിഞ്ഞിരുന്നു. പിന്നീട 162 പോയിന്റ് നഷ്ടത്തോടെ 23,526.50 പോയിന്റിൽ ക്ലോസ് ചെയ്തു.
ബിഎസ്ബി മിഡ് കാപ്, സ്മോൾ കാപ് ഓഹരികൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി 0.73 ശതമാനം നേട്ടം കൈവരിച്ചു. എന്നാൽ നിഫ്റ്റി റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഐടി, മെറ്റൽ, ബാങ്ക്, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലായി.
ഇന്ത്യൻ ഓഹരി വിപണയിലുണ്ടാകുന്ന ഇടിവിന് വിവിധ കാരണങ്ങളാണ് വിദഗ്ദർ പറയുന്നത്. വ്യാപാരികളും നിക്ഷേപകരും മൂന്നാം പാദത്തിലെ (ഡിസംബർ ക്വാർട്ടറിലെ) ലാഭ നഷ്ടങ്ങൾ മുന്നിൽ കണ്ട് ജാഗ്രതയിലാണ്.
കഴിഞ്ഞ രണ്ടു പാദത്തേക്കാൾ മൂന്നാം പാദത്തിൽ നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യുഎസ് ബോണ്ടും ഡോളറും ഉയർന്നു നിൽക്കുന്നതും ഇന്ത്യൻ വിപണിയിൽനിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവും കാരണമാ കുന്നു.
ജനുവരി എട്ടു വരെ ഇന്ത്യൻ ഓഹരിയിൽനിന്ന് 12,000 കോടിയോളം രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചെന്നാണ് കണക്കുകൾ. നടപ്പു സാന്പത്തികവർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം കുറച്ചത് നിക്ഷേപകർ ജാഗ്രതയോടെയാണ് കാണുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കിനെ ചുറ്റിപ്പറ്റിയുടെ അനിശ്ചിതത്വം.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്പത്തിക പദ്ധതികളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയെല്ലാം ഇന്ത്യൻ ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്.