പാൻകാർഡ് അപ്ഡേഷൻ: തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്
Wednesday, January 15, 2025 12:45 AM IST
കൊല്ലം: പാൻകാർഡ് വിവരങ്ങൾ അടിയന്തരമായി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുന്നറിയിപ്പ്.
പാൻകാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആകുമെന്നാണ് ഉപയോക്താക്കൾക്കു സന്ദേശങ്ങൾ ലഭിക്കുന്നത്.
ഇതു സംബന്ധിച്ച് ഉപയോക്താക്കളിൽനിന്ന് ആവർത്തിച്ച് പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തു വന്നിട്ടുള്ളത്.
ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കുന്നത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘങ്ങൾ ചോർത്തിയെടുക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്ത്യ പോസ്റ്റ് ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഒന്നും അയയ്ക്കാറില്ലന്നും അധികൃതർ വ്യക്തമാക്കി. അജ്ഞാത ലിങ്കുകളിൽ കയറുന്നതു വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്കു നയിക്കുമെന്നും അധികൃതർ എക്സിൽ കുറിച്ചു.
പാൻ കാർഡ് വിവരങ്ങൾ അത്യാവശ്യമായി വരുന്ന ഘട്ടത്തിൽ മാത്രമേ നൽകാവൂ. മാത്രമല്ല, വിശ്വാസ്യതയുള്ള ഏജൻസികൾക്കും പ്ലാറ്റ് ഫോമുകൾക്കും മാത്രമേ വ്യക്തിഗത വിവരങ്ങൾ നൽകാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നു.