ടെക്സ്റ്റൈൽ മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങൾ നഷ്ടത്തിൽ ; കഴിഞ്ഞ സാന്പത്തിക വർഷം മാത്രം നഷ്ടം 146.09 കോടി
റിച്ചാർഡ് ജോസഫ്
Monday, February 5, 2024 1:02 AM IST
തിരുവനന്തപുരം: ടെക്സ്റ്റൈൽ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാന്പത്തികാവലോകന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്. 2022-23 സാന്പത്തിക വർഷത്തിൽ ടെക്സ്റ്റൈൽ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 146.09 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നഷ്ടം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും കേരളത്തിന്റെ വ്യാവസായിക മേഖലയുടെ സാങ്കേതിക പരിവർത്തനത്തിനു സഹായിക്കുന്നതിനും സംസ്ഥാന സർക്കാർ ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ എട്ട് സഹകരണ സ്പിന്നിംഗ് മില്ലുകൾ ഉൾപ്പെടെ ഏഴ് മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന 42 പൊതുമേഖലാ യൂണിറ്റുകളുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മൊത്തത്തിൽ 4310.99 കോടി രൂപയുടെ വിറ്റുവരവും 60.71 കോടി രൂപ പ്രവർത്തന ലാഭവും നേടിയതായി രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് വരവിൽ 5.0 ശതമാനം കുറവുണ്ടായിട്ടുണ്ട്.
കേരളത്തിൽ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2021-22 സാന്പത്തിക വർഷം 12 ആയിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ അത് 13 ആയി ഉയർന്നു. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്(കെഎംഎംഎൽ), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലമിറ്റഡ്(ടിസിസി), കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്(ടിടിപി) എന്നിവയാണ് ഈ കാലയളവിൽ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. 2022-23 കാലയളവിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് 371 കോടി രൂപയുടെ വിറ്റുവരവും 87 കോടി രൂപ പ്രവർത്തന ലാഭവും നേടി.
കേരള സർക്കാരിന്റെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ കേരളാ സ്റ്റേറ്റ് സേഫ്റ്റി അവാർഡിൽ പ്രമുഖ വ്യവസായ മേഖലയ്ക്കു കീഴിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിനു പ്രഥമ സ്ഥാനം ലഭിച്ചിരുന്നു. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് 2022-23 കാലയളവിൽ 5.56 കോടി രൂപയുടെ പ്രവർത്തന ലാഭത്തോടെ 67.02 കോടി രൂപയുടെ റിക്കാർഡ് വിറ്റുവരവ് നേടി.
2022-23 വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ പ്രവർത്തന മൂലധനം ഉൾപ്പെടെ 268.31 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 53 ശതമാനം വരുന്ന 144.22 കോടി രൂപ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി ചെലവഴിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കെഎസ്ഐഡിസി അനുമതി നൽകിയത് 483.16 കോടി രൂപയുടെ പദ്ധതികൾക്ക്
കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 2022-23 സാന്പത്തിക വർഷത്തിൽ അനുമതി നൽകിയത് 483.16 കോടി രൂപയുടെ പദ്ധതികൾക്ക്. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാന്പത്തികാവലോകന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്.
കോർപറേഷൻ 289.92 കോടി രൂപ വിതരണം ചെയ്യുകയും മുതലും പലിശയും അടക്കം ആകെ 302.02 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തു. 888.82 കോടി രൂപ മുതൽമുടക്കിൽ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 78 പദ്ധതികൾ ഏകദേശം 2350 പേർക്ക് തൊഴിൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021-22 സാന്പത്തിക വർഷം കോർപറേഷൻ 54.90 കോടി രൂപ അറ്റാദായമാണ് നേടിയത്.