വ്യത്യസ്ത രക്തഗ്രൂപ്പുകൾ തമ്മിലുള്ള വൃക്കദാനത്തിൽ വിജയഗാഥ എഴുതി പുഷ്പഗിരി മെഡിക്കൽ കോളജ്
Tuesday, January 23, 2024 12:45 AM IST
പത്തനംതിട്ട: വ്യത്യസ്ത രക്തഗ്രൂപ്പുകൾ തമ്മിലുള്ള വൃക്ക മാറ്റിവയ്ക്കൽ (എബിഒ) തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ വിജയകരമായി പൂർത്തീകരിച്ചു. മധ്യതിരുവിതാംകൂർ മേഖലയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നതെന്ന് പുഷ്പഗിരി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കി കട്ടപ്പന സ്വദേശി ജോബിൻ തോമസി (31) നാണ് ഭാര്യ ആതിരയുടെ (23) വൃക്ക പ്രയോജനപ്പെട്ടത്. ബി ഗ്രൂപ്പ് രക്തത്തിനുടമയായ ജോബിന് എ ഗ്രൂപ്പിൽനിന്നുള്ള ആതിരയുടെ വൃക്കയാണ് ഉപയോഗിക്കാനായത്. 2023 നവംബർ 22ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജോബിൻ വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു.
പുഷ്പഗിരി മെഡിക്കൽ കോളജിൽ വൃക്കരോഗവുമായി എത്തിയ ജോബിന് രക്തപരിശോധനകളും കിഡ്നി ബയോപ്സിയും ചെയ്തതിലൂടെ സികെഡി സ്റ്റേജ് 5 എന്ന രോഗനിർണയത്തിൽ എത്തുകയുണ്ടായി. രോഗിയുടെ സമാനമായ രക്തഗ്രൂപ്പുള്ള ദാതാവിനെ കുടുംബത്തിൽനിന്ന് കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ വ്യത്യസ്ത ഗ്രൂപ്പിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് പറഞ്ഞു.
കുടുംബം ഇതു സ്വീകരിച്ചതോടെ ശസ്ത്രക്രിയാ നടപടികൾ ആരംഭിക്കുകയായിരുന്നു. അനുമതി ലഭിച്ചതിനു പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. നെബു ഐസക്ക് മാമ്മൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. റീനാ തോമസ്, ഡോ. സുബാഷ് ബി. പിള്ള, ഡോ. ജിത്തു കുര്യൻ, ഡോ. സതീഷ് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ പൂർത്തീകരിച്ചു. ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനം ഇതിനു പിന്നിലുണ്ടായിരുന്നതായും നെഫ്രോളജിസ്റ്റ് ഡോ. ജിത്തു കുര്യൻ പറഞ്ഞു.
പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് നിർദേശിച്ചത് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസും ഇടവക വൈദികരുമാണെന്ന് ജോബിന്റെ അമ്മ ബീന പറഞ്ഞു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാംസൺ സാമുവേലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.