സ്മാർട്ട്ഫോണ്‍ വില്പന: സാംസംഗിനെ മറികടന്ന് ആപ്പിൾ
Wednesday, January 17, 2024 11:31 PM IST
കലിഫോർണിയ: സ്മാർട്ട്ഫോണ്‍ വില്പനയിൽ സാംസംഗിനെ മറികടന്ന് ആപ്പിൾ. 12 വർഷത്തിനിടെ ആദ്യമായാണ് ആപ്പിൾ വിപണിയിൽ ഒന്നാമതെത്തുന്നത്.
കഴിഞ്ഞ വർഷം കയറ്റുമതി ചെയ്ത സ്മാർട്ട്ഫോണുകളുടെ അഞ്ചിലൊന്നും ആപ്പിളിൽനിന്നാണെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപറേഷൻ (ഐഡിസി) റിപ്പോർട്ടിൽ പറയുന്നു.
ഐഡിസി റിപ്പോർട്ട് പ്രകാരം 120 കോടി സ്മാർട്ട്ഫോണുകളാണ് കഴിഞ്ഞ വർഷം ആകെ വിറ്റത്; തൊട്ടുമുന്‍പത്തെ വർഷത്തേക്കാൾ മൂന്നു ശതമാനം കുറവ്. കഴിഞ്ഞ പതിറ്റാണ്ടിലെ കണക്കെടുത്താൽ ഏറ്റവും കുറവുമാണിത്.
ആപ്പിൾ കഴിഞ്ഞ വർഷം ആകെ 23.4 കോടി സ്മാർട്ട്ഫോണുകൾ വിറ്റു. സാംസംഗിന് 19.4 ശതമാനമാണു വിപണിവിഹിതം. ചൈനീസ് നിർമാതാക്കളായ ഷവോമി, ഓപ്പോ എന്നീ കന്പനികളാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
സാന്പത്തിക പ്രതിസന്ധിയും ഉയർന്ന പലിശനിരക്കും ചൂണ്ടിക്കാട്ടി ആളുകൾ സ്മാർട്ട്ഫോണ്‍ വാങ്ങാൻ മടിക്കുന്നതും കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകൾ മുന്തിയ ഫോണുകൾ വാങ്ങിയതുമാണു വില്പന ഇടിയാൻ കാരണമെന്നു നിരീക്ഷകർ കരുതുന്നു.