നിക്ഷേപം ഉത്സവമാക്കി ഓഹരി സൂചികകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Sunday, December 31, 2023 11:40 PM IST
നിക്ഷേപം ഉത്സവമാക്കി പുതുവർഷത്തിലും ഓഹരി സൂചികകൾ പുതിയ ഉയരങ്ങളിലേക്ക് പറക്കാൻ ഒരുങ്ങുന്നു. ആഗോള തലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിപണിയായി ഇന്ത്യ മാറിയതോടെ വിദേശ ഫണ്ടുകളുടെ പ്രിയപ്പെട്ട പണക്കിഴിയായി സെൻസെക്സും നിഫ്റ്റിയും.
പിന്നിട്ട വർഷം ഇരുപതു ശതമാനം മുന്നേറിയ ഇൻഡെക്സുകൾ മൂന്ന് വർഷത്തിൽ വർധിച്ചത് അമ്പത് ശതമാനം. കോവിഡിന് ശേഷം ഉടലെടുത്ത ബുൾ റാലിയുടെ ആഘോഷമാണ് ദലാൾ തെരുവിലൂടെ കടന്നു പോകുന്നത്. വരുന്ന രണ്ടു വർഷങ്ങളിലും വിപണി ബുൾ തരംഗം നിലനിർത്താം.
ഡിസംബർ അവസാനവാരം സെൻസെക്സ് 1133 പോയിന്റും നിഫ്റ്റി 382 പോയിന്റും ഉയർന്നു. ഒരു മാസത്തിൽ ഇവ യഥാക്രമം 5338 പോയിന്റും 1634 പോയിന്റും സ്വന്തമാക്കി. ഒരു വർഷ കാലയളവിൽ സെൻസെക്സ് 11,399 പോയിന്റും നിഫ്റ്റി സൂചിക 3626 പോയിന്റും കയറി. കഴിഞ്ഞ എട്ട് വർഷത്തിൽ ഇത്തരം ഒരു കുതിപ്പ് ആദ്യം. ഏറെ ശ്രദ്ധേയം കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പ്രകടനമാണ്. ബോംബെ സൂചിക 24,627 പോയിന്റ് കയറി, 52 ശതമാനം തിളങ്ങിയപ്പോൾ നിഫ്റ്റി 56 ശതമാനം മുന്നേറി 5598 പോയിന്റ് വർധിച്ചു.
വിദേശ ഫണ്ടുകൾ ഇന്ത്യയെ സുരക്ഷിത മേഖലയായി വിലയിരുത്തുന്നു. റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-പലസ്തീൻ യുദ്ധങ്ങൾക്കിടയിലും കുലുങ്ങാതെ, നെഞ്ചു വിരിച്ച് കാഴ്ചവച്ച ബുൾ റാലി വിപണിയുടെ അടിത്തറയ്ക്ക് ശക്തിപകർന്നു.
പ്രതീക്ഷിച്ച പോലെ തന്നെ വിപണി പിന്നിട്ടവാരത്തിലും ബുൾ റാലി കാഴ്ച്ചവച്ചു. ഡെറിവേറ്റീവ് മാർക്കറ്റിൽ ഡിസംബർ സീരീസ് മികവോടെ ക്ലോസ് ചെയ്തതും ജനുവരി സീരീസിന് തിളക്കം സമ്മാനിച്ചു. ഒന്നര ശതമാനം മികവിൽ 21,861ലാണ് ഫ്യൂചർ. വിപണിയിലെ ഓപ്പൺ ഇൻറ്ററസ്റ്റ് ഇതിനിടയിൽ കുറഞ്ഞു, തൊട്ട് മുൻവാരം 158.5 ലക്ഷം കരാറായിരുന്നത് വാരാന്ത്യം 142.5 ലക്ഷമായി.
സൂചികയിലെ മുന്നേറ്റം കണ്ട് ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിംഗിന് ഇറങ്ങിയത് കണക്കിലെടുത്താൽ വിപണി ബുൾ ഓപ്പറേറ്റർമാരുടെ കരങ്ങളിൽ സുരക്ഷിതമെന്നുവേണം അനുമാനിക്കാൻ. നിഫ്റ്റി ഫ്യൂച്ചർ ചാർട്ടുകളുടെ ചലനങ്ങൾ പരിശോധിച്ചാൽ കുതിപ്പിന് ഒപ്പം ഹൃസ്വകാലയളവിൽ വിപണി കൺസോളിഡേഷനും ശ്രമിക്കാം. അത്തരം ഒരു ഏകീകരണം അടിത്തറയ്ക്ക് കരുത്ത് പകരും.
വിപണിയുടെ ചലനങ്ങൾ സാങ്കേതിക വശങ്ങളിലുടെ വീക്ഷിച്ചാൽ ഈ വർഷം 23,200 24,600ലേക്ക് സഞ്ചരിക്കാം. ഈ റേഞ്ചിൽ പ്രവേശിച്ചാൽ 2025ൽ നിഫ്റ്റി 28,500ലേക്ക് മുന്നേറിയാലും അദ്ഭുതപ്പെടാനില്ല. ഈ കാലയളവിൽ ബോംബെ സെൻസെക്സ് 90,000-1,00000 പോയിന്റിനെ ഉറ്റുനോക്കാം.
നിഫ്റ്റി 21,349 ൽ നിന്നും മുൻവാരം സൂചിപ്പിച്ച 21,636 ലെ പ്രതിരോധം തകർത്തെങ്കിലും രണ്ടാം പ്രതിരോധമായ 21,923ലേക്ക് ഉയരാനുള്ള ശ്രമം 21,801ൽ അവസാനിച്ചു. ക്രിസ്മസ് അവധി മൂലം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങിയതും കുതിപ്പിനെ ചെറിയതോതിൽ പിടിച്ചു നിർത്തി. വാരാന്ത്യം സൂചിക 21,731ലാണ്.
ഈവാരം നിഫ്റ്റിക്ക് 21,938ലെ തടസം മറികടന്നാൽ 22,146നെ ലക്ഷ്യമാക്കും. സൂചികയ്ക്ക് 21,385-21,040ൽ സപ്പോർട്ടുണ്ട്. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാൽ എം എസിഡി ബുള്ളിഷാണ്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസറ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ടായത് തിരുത്തലിന് ഇടയാക്കാം.
സെൻസെക്സ് 71,106ൽനിന്നും സർവകാല റിക്കാർഡായ 72,481.34 വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം 72,240 പോയിന്റിലാണ്. രൂപയുടെ മൂല്യത്തിൽ നേരിയ ചാഞ്ചാട്ടം. ഡോളറിന് മുന്നിൽ 83.15ൽ നിന്നും 83.34ലേക്ക് ദുർബലമായ രൂപ വാരാന്ത്യം 83.20ലാണ്.
ആഗോള സ്വർണ വില 2023ൽ 13 ശതമാനം വർധിച്ചു. ട്രോയ് ഔൺസിന് 1818 ഡോളറിൽ നിന്നും 2142 ഡോളർ വരെ നവംബറിൽ ഉയർന്ന ശേഷം ലാഭമെടുപ്പിൽ 1980ലേക്ക് തളർന്നു. ഈ അവസരത്തിൽ പുതിയ നിക്ഷേപകരുടെ വരവ് ഡിസംബറിൽ 2000 ഡോളറിന് മുകളിലെത്തിച്ചു. വർഷാന്ത്യം സ്വർണം 2061 ഡോളറിലാണ്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശ വേളയിൽ ഔൺസിന് 1640 ഡോളറിൽ നീങ്ങിയ സ്വർണം യുദ്ധവാർത്തയിൽ കത്തിക്കയറി. ഇസ്രയേൽ-പലസ്തീൻ സംഘർഷം മഞ്ഞലോഹത്തിന് തിളക്കം പകർന്നു. ഇതിനിടയിൽ ഡോളറിന് നേരിട്ട തളർച്ച സ്വർണം നേട്ടമാക്കി.
ഈ വർഷം സ്വർണം 2300-2500 ഡോളറിനെ ലക്ഷ്യമാക്കി നീങ്ങാം, ഈ വർഷം മൂന്ന് തവണയെങ്കിലും അമേരിക്ക പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കും. 2025ലും പലിശയിൽ ഇളവിനുള്ള സാധ്യത മഞ്ഞലോഹത്തിന് തിളക്കം പകരാം.