ജപ്പാനിൽ പ്രതീക്ഷവച്ച് റബർ
Monday, December 11, 2023 2:54 AM IST
ചൈനീസ് സാന്പത്തികമേഖലയിൽനിന്ന് നവംബറിൽ ഉണർവിന്റെ സൂചനകൾ പുറത്തുവന്നതിനൊപ്പം ജപ്പാനും മികവുകാട്ടുമെന്ന വിലയിരുത്തൽ, ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് പുതുജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് ഉത്പാദനരാജ്യങ്ങൾ.
പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രങ്ങളായ ജപ്പാൻ, സിംഗപ്പുർ, ചൈന എന്നിവിടങ്ങളിൽ ഫണ്ടുകളും ഉൗഹക്കച്ചവടക്കാരും അവരുടെ വിൽപ്പനത്തോതു കുറച്ച് പുതിയ ബൈയിംഗിനു നീക്കം നടത്താം. സാങ്കേതികമായി ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ ഓവർ സോൾഡായത് വിൽപ്പനത്തോതു കുറയ്ക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കുന്നുണ്ട്.
ജപ്പാനിൽ നവംബറിൽ വാഹനവിൽപ്പന ഉയർന്നത് റബറിന് അനുകൂലമാണ്. പുതിയ സാഹചര്യത്തിൽ കയറ്റുമതി രാജ്യമായ തായ്ലൻഡ് ഷീറ്റിനും ലാറ്റക്സിനും ഡിമാൻഡ് ഉയർന്നാൽ, അതിനനുസൃതമായി കന്പനികൾ കൊച്ചി, കോട്ടയം മാർക്കറ്റുകളിലും പിടിമുറുക്കാം.
നാലാം ഗ്രേഡ് റബർ വില ക്വിന്റലിന് 14,900 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 15,100 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ 15,000 രൂപയിലും.
അതേസമയം, ക്രിസ്മസ് വരെയുള്ള കാലയളവിൽ വ്യവസായികൾ പരമാവധി റബർ ശേഖരിക്കാൻ സാധ്യതയുണ്ടെങ്കിലും വില കാര്യമായി ഉയർത്താനിടയില്ല. ടാപ്പിംഗ് രംഗത്തെ ചലനങ്ങളെ വ്യവസായികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.