ചരിത്ര നേട്ടവുമായി നിഫ്റ്റി
Monday, September 11, 2023 11:20 PM IST
മുംബൈ: ചരിത്രത്തിലാദ്യമായി 20,000 പോയിന്റ് പിന്നിട്ട് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന സൂചികയായ നിഫ്റ്റി. വിദേശ നിക്ഷേപത്തിലുണ്ടായ വർധനയ്ക്കു പിന്നാലെയാണ് നിഫ്റ്റി 50 സൂചിക 20,000 കടന്നത്.
എന്നാൽ, വ്യാപാരാന്ത്യം ഈ നേട്ടം നിലനിർത്താൻ സൂചികയ്ക്കായില്ല. ഒരുവേള 20,008.15 വരെ ഉയർന്ന നിഫ്റ്റി 176.40 പോയിന്റ് നേട്ടവുമായി 19,996.35ൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 528.17 പോയിന്റ് മുന്നേറി 67,015.43 പോയിന്റിലെത്തി.
ഈ വർഷം ജൂലൈ 20ന് കുറിച്ച 19,991.85 എന്ന റിക്കാർഡാണ് നിഫ്റ്റി 50 ഇന്നലെ മറികടന്നത്. മുൻ ക്ലോസിംഗ് നിരക്കിനേക്കാൾ ഒരു ശതമാനം വർധനയാണിത്. 36 സെഷനുകൾക്കുശേഷമാണു വിപണിയിൽ നിഫ്റ്റിയുടെ പുതിയ റിക്കാർഡ് നേട്ടം. ജൂണ്‍ 28നു കുറിച്ച 19,000ൽനിന്ന് നിഫ്റ്റി വെറും 52 സെഷനുകൾകൊണ്ട് 1000 പോയിന്റ് ഉയർന്നു.
വിദേശ കരുത്ത്
ഏപ്രിൽ-ജൂണ്‍ പാദത്തിൽ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയിൽ 7.8 ശതമാനത്തിന്റെ വളർച്ച റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിദേശ നിക്ഷേപം വിപണിയിലേക്കൊഴുകിയതും ജി20 യോഗത്തിലെ സുപ്രധാന തീരുമാനങ്ങളുമാണു നിഫ്റ്റിയുടെ കുതിപ്പിനെ തുണച്ചത്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ്-അമേരിക്ക സാന്പത്തിക ഇടനാഴി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവന, ആഫ്രിക്കൻ യൂണിയന്റെ ജി20 സ്ഥിരാംഗത്വം തുടങ്ങിയവയും ഓഹരികളെ സ്വാധീനിച്ചു.
നടപ്പു സാന്പത്തികവർഷത്തെ തുടക്കം മുതലുള്ള കണക്കെടുത്താൽ നിഫ്റ്റി 17 ശതമാനത്തിന്റെ മുന്നേറ്റം സ്വന്തമാക്കി. 1.54 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇക്കാലയളവിൽ രാജ്യത്തെ വിപണിയിലെത്തിയത്; ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 33,397 കോടിയും. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇക്കാലയളവിൽ വൻകുതിപ്പാണു രേഖപ്പെടുത്തിയത്; യഥാക്രമം 41 ശതമാനവും 47 ശതമാനവും.
അദാനിക്കു നേട്ടം
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഐടിസി, ടിസിഎസ്, എസ്ബിഐ എന്നീ ഓഹരികളെല്ലാം നേട്ടത്തിൽ വ്യാപാരം നടത്തി. അദാനി ഗ്രൂപ്പിന്റെ ഓഹരികളെല്ലാം നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്സ്, എൻടിപിസി, എച്ച്സിഎൽ ടെക്, വിപ്രോ എന്നീ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടൈറ്റൻ, എം ആൻഡ് എം, ഐഷർ മോട്ടോഴ്സ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.