ക്രിപ്റ്റോകറൻസി തട്ടിപ്പ്: തോഡക്സ് മേധാവിക്ക് 11,196 വർഷം തടവ്
Sunday, September 10, 2023 12:16 AM IST
ഇസ്താംബുൾ: നിക്ഷേപകരിൽനിന്നു ലക്ഷക്കണക്കിനു ഡോളർ തട്ടിയ ക്രിപ്റ്റോകറൻസി കന്പനി മേധാവിക്കും കൂട്ടാളികൾക്കും 11,196 വർഷം വീതം തടവ്. തോഡക്സ് എക്സ്ചേഞ്ചിന്റെ മേധാവിയായിരുന്ന ഫറൂക്ക് ഫത്തി ഓസർക്കും രണ്ടു സഹോദരങ്ങൾക്കുമാണു തുർക്കി കോടതി തടവു വിധിച്ചത്.
2017ൽ 22-ാം വയസിലാണ് ഓസർ തോഡക്സ് ആരംഭിക്കുന്നത്. ഇതു പിന്നീട് രാജ്യത്തെ ഏറ്റവും വലിയ വിർച്വൽ കറൻസി എക്സ്ചേഞ്ചായി മാറി. രണ്ടു വർഷം മുന്പു തുർക്കി കറൻസിയായ ലീറയുടെ മൂല്യം ഇടിഞ്ഞതോടെ ജനങ്ങൾ ക്രിപ്റ്റോ കറൻസിയോടു താത്പര്യം കാണിച്ചത് തോഡക്സിനു നേട്ടമായി. എന്നാൽ, 2021 ഏപ്രിലിൽ കന്പനി പൊട്ടി. നിക്ഷേപകരുടെ പണം നഷ്ടമായി. ഓസർ ഒളിവിലും പോയി.
കഴിഞ്ഞ വർഷമാണ് ഇയാൾ അൽബേനിയയിൽ അറസ്റ്റിലാകുന്നത്. 200 കോടി ഡോളർ മൂല്യം വരുന്ന ആസ്തിയുമായാണ് ഓസർ ഒളിവിൽ പോയെതെന്നു ടർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇയാളെ തുർക്കിക്കു കൈമാറി. കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരേ ചുമത്തി.
2027 പേരാണ് ഓസറുടെ തട്ടിപ്പിനിരയായത്. ഈ കുറ്റങ്ങൾക്കെല്ലാം വെവ്വേറെ ശിക്ഷ വിധിച്ചതോടെയാണ് ഇയാൾക്ക് ഇത്രയും വലിയ കാലയളവ് തടവു ലഭിച്ചത്. ഓസർക്ക് 40,562 വർഷം തടവു വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.
2004ൽ വധശിക്ഷ അവസാനിപ്പിച്ചശേഷം അസാധാരണ തടവുശിക്ഷകൾ തുർക്കിയിൽ പതിവാണ്. കഴിഞ്ഞ വർഷം ടിവി പ്രഭാഷകനായ അദ്നാൻ ഒക്തറെ തട്ടിപ്പ്-ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ 8,658 വർഷത്തെ തടവിനു വിധിച്ചിരുന്നു. ഇയാളുടെ പത്ത് അനുയായികൾക്കും സമാനശിക്ഷ ലഭിച്ചു.