നോർവേ-ഇന്ത്യ വിജ്ഞാന വിനിമയം: ചർച്ചയായി കൊച്ചിൻ കപ്പൽശാലയും
Sunday, September 10, 2023 12:16 AM IST
കൊച്ചി: നോർവേയിൽ നടക്കുന്ന വിജ്ഞാന വിനിമയ പരിപാടിയിൽ കൊച്ചിൻ കപ്പൽശാലയും ചർച്ചയായി. സീറോ കാർബൺ എമിഷൻ പദ്ധതിയിൽ നോർവേയിലെ തുറമുഖങ്ങൾ കാർബൺ മുക്തമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ബേസ്ഡ് വെസലുകൾ ആ രാജ്യത്തിനായി നിർമിക്കുന്നത് കൊച്ചിൻ കപ്പൽശാലയാണ്.
580 കോടി രൂപയുടെ പദ്ധതി കൊച്ചിക്കും ഇന്ത്യയ്ക്കും അഭിമാനകരമാണെന്ന് ഇന്ത്യ-നോർവേ വിജ്ഞാന വിനിമയ പരിപാടിയിൽ പങ്കെടുത്ത ഹൈബി ഈഡൻ എംപി പറഞ്ഞു.
നോർവീജിയൻ തലസ്ഥാനമായ ഓസ്ലോ നഗരത്തിലായിരുന്നു വിജ്ഞാന വിനിമയ പരിപാടി നടന്നത്. 2018 ഡിസംബറിൽ നോർവീജിയൻ സർക്കാർ തയാറാക്കിയ നോർവെ-ഇന്ത്യ സ്ട്രാറ്റജി 2030ന്റെ ഭാഗമായാണു പരിപാടി.
ഇന്ത്യൻ എംപിമാരുടെ സംഘത്തിൽ ഹൈബി ഈഡനു പുറമേ തേജസ്വി സൂര്യ, പ്രിയങ്ക ചതുർവേദി എന്നിവരും ഉണ്ടായിരുന്നു.