ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ ലക്ഷ്യം മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി
Friday, March 24, 2023 1:07 AM IST
ന്യൂയോർക്ക്: ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് പുതിയ റിപ്പോർട്ടിൽ ലക്ഷ്യം മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ ഡിജിറ്റൽ പേമെന്റ് ആപ്പായ ബ്ലോക്ക് ഇൻകോർപറേഷൻ.
ജാക്ക് പാട്രിക് ഡോർസി ഒരു അമേരിക്കൻ ഇന്റർനെറ്റ് സംരംഭകനും പ്രോഗ്രാമറുമാണ്. രണ്ടു വർഷം നീണ്ടുനിന്ന ഗവേഷണത്തിനു ശേഷമാണ് ഡോർസിക്കെതിരായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതെന്നാണ് ഹിൻഡൻബർഗ് അറിയിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറ ത്തുവന്നതിനു ശേഷം ബ്ലോക്കിന്റെ ഓഹരികൾ 18 ശതമാനം ഇടിഞ്ഞു. ഉപഭോക്താക്കൾക്കും സർക്കാരിനുമെതിരായ വഞ്ചന, നിയമ സംവിധാനങ്ങളുടെ നിയന്ത്രണം ഒഴിവാക്കാൻ നടത്തിയ വഴിവിട്ട നടപടികൾ, നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജ അക്കൗണ്ടുകളുണ്ടാക്കി വിപണിമൂല്യം കൂട്ടൽ, ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാട്ടൽ തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഡോർസിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്.
കന്പനി യഥാർഥ ഉപഭോക്തൃ എണ്ണവും ഉപഭോക്തൃ ഏറ്റെടുക്കൽ ചെലവും കുറച്ചുകാണിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഹിൻഡർബർഗിന്റെ റിപ്പോർട്ട് അടിവരയിടുന്നു. കൂടാതെ അവലോകനം ചെയ്ത അക്കൗണ്ടുകളിൽ 75 ശതമാനം അക്കൗണ്ടുകളും വ്യാജമോ വഞ്ചനയിൽ ഉൾപ്പെട്ടതോ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട അധിക അക്കൗണ്ടുകളോ ആണെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു.
ക്രിമിനൽ പ്രവർത്തനങ്ങൾക്കുള്ള പേമെന്റുകൾ സുഗമമാക്കുന്ന പ്രവൃത്തിയാണ് ബ്ലോക്ക് ചെയ്യുന്നതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നു. ജാക്ക് ഡോർസിക്ക് ഒന്നിലധികം വ്യാജ അക്കൗണ്ടുകളുണ്ട്, അവയിൽ ചിലത് ക്യാഷ് ആപ്പ് ഉപയോക്താക്കളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത്, സർക്കാർ കോവിഡ് റിലീഫ് പേമെന്റുകളുടെ ഒരു വലിയ തരംഗത്തിന് കാഷ് ആപ്പ് സഹായിച്ചു. ഉപയോക്താക്കൾക്ക് കാഷ് ആപ്പിലൂടെ ഉടൻ ബാങ്ക് അക്കൗണ്ട് ആവശ്യമില്ലെന്നും സർക്കാർ പേമെന്റുകൾ നേടാനാകുമെന്നും ഡോർസി പ്രചരിപ്പിക്കുകയും അത് നടപ്പിലാക്കാൻ സർക്കാർ തലത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തിയതായും റിപ്പോർട്ടിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒന്നിലധികം വ്യക്തികളുടെ പേരിൽ തൊഴിലില്ലായ്മ പേമെന്റുകൾ സ്വീകരിക്കാൻ സിംഗിൾ അക്കൗണ്ടുകളെ അനുവദിക്കുന്നതും സുതാര്യമല്ലാത്ത വിലാസപരിശോധനയും ഡോർസിയുടെ കന്പനിയുടെ വിശ്വാസ്യത തകർക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
വ്യജമായി സൃഷ്ടിച്ച കണക്കുകളിലൂടെ ഓഹരി മൂല്യം ഉയർത്തിക്കാണിച്ച് സഹസ്ഥാപകരായ ഡോർസിയും ജെയിംസ് മക്കെൽവിയും കോവിഡിന്റെ സമയത്ത് 100 കോടി ഡോളറിലധികം ഓഹരികൾ വിറ്റതായും റിപ്പോർട്ട് ആരോപിക്കുന്നു.